കല്യോട്ട് ഇരട്ടക്കൊലക്കേസ്: 14-ാം പ്രതിയുടെ മകന്റെ കല്യാണ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്, പ്രതിയുമൊന്നിച്ചുള്ള നേതാവിന്റെ ഫോട്ടോ വൈറലായി

കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച പെരിയ, കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ കല്യാണ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്ത സംഭവം വിവാദത്തില്‍. 2019 ഫെബ്രുവരി 17ന് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്‍, കൃപേഷ് എന്നിവരെ ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്ത 14-ാം പ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയുമായ ബാലകൃഷ്ണന്റെ മകന്റെ കല്യാണ സല്‍ക്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പെരിയ മണ്ഡലം പ്രസിഡണ്ട് പ്രമോദ് പെരിയയാണ് വിവാദത്തിലായത്. പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൂടിയാണ് പ്രമോദ് പെരിയ.
ബാലകൃഷ്ണന്റെ മകന്റെ കല്യാണം കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ വെച്ചാണ് നടന്നത്. കല്യാണ സല്‍ക്കാരം ചൊവ്വാഴ്ച പെരിയ, മൊയോലത്തുള്ള ഓഡിറ്റോറിയത്തിലാണ് നടന്നത്. കോണ്‍ഗ്രസ് നേതാവ് രാജന്‍ പെരിയയുടെ ഉടമസ്ഥതയിലുള്ളതാണ് ഓഡിറ്റോറിയം.
സര്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത പെരിയ പ്രമോദ് വധൂവരന്മാര്‍ക്കും ഇരട്ടക്കൊലക്കേസിലെ 14-ാം പ്രതിയായ ബാലകൃഷ്ണനുമൊപ്പം സല്‍ക്കാരവേദിയില്‍ നില്‍ക്കുന്ന ചിത്രമാണ് വൈറലായിട്ടുള്ളത്. ഇതേ ചിത്രത്തില്‍ മുന്‍ എം.എല്‍.എയും സിപിഎം നേതാവുമായ കെ. കുഞ്ഞിരാമനുമുണ്ട്.
സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രമോദ് പെരിയയോട് വിശദീകരണം ചോദിച്ചതായാണ് സൂചന. കല്യാണ ചടങ്ങില്‍ പങ്കെടുത്തത് വിവാദമാക്കേണ്ടതില്ലെന്നാണ് പ്രമോദ് പെരിയയുടെ വിശദീകരണം. സി.പി.എം നേതാവും ഇരട്ടക്കൊലക്കേസിലെ പ്രതിയുമായ ബാലകൃഷ്ണന്റെ സഹോദരന്‍ തന്റെ വീട്ടില്‍ നേരത്തെ വാടകക്ക് താമസിച്ചിരുന്നുവെന്നും അദ്ദേഹമാണ് വിവാഹ സല്‍ക്കാര ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും പ്രമോദ് പെരിയ വിശദീകരിച്ചു. താന്‍ മാത്രമല്ല മറ്റു ഏതാനും കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page