കാസര്‍കോട്: ബൈക്കില്‍ അഞ്ചരക്കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. കയ്യാര്‍ കണ്ണാടിപ്പാറ സ്വദേശി കലന്തര്‍ എന്ന ഷാഫി(34), കര്‍ണാടക പേരാന്‍ബെ ബീരന്തടുക്ക സ്വദേശി ബി സന്ദേശ്(27) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് രാമു രമേഷ്ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവും അനുഭവിക്കണം. 2021 സെപ്തംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. ഉച്ചക്ക് രണ്ട് മണിയോടെ മംഗല്‍പാടി ചുക്കിരിയടുക്കയില്‍ വച്ചാണ് അഞ്ചരക്കിലോ കഞ്ചാവ് പിടികൂടിയത്. കുമ്പള സബ്ബ് ഇന്‍സ്‌പെക്ടര്‍ വികെ അനീഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കുമ്പള ഇന്‍സ്‌പെക്ടറായിരുന്ന പി.പ്രമോദാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, അഡ്വ. എം ചിത്രകല എന്നിവര്‍ ഹാജരായി.







