നീലേശ്വരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പരിശോധന ശക്തമാക്കി. ഇതുവരെ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ രാത്രി ചേടീറോഡില്‍ വെച്ച് എംഡിഎംഎ വലിക്കുന്നതിനിടയില്‍ യുവാവിനെ നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ ജി ജിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഇയാൾക്കെതിരെ കേസെടുത്തു. പുതുക്കൈ നരിക്കാട്ട് അരീക്കര ഹൗസിലെ എ.അനൂപിനെയാണ് (32)എം ഡി എം എ വലിക്കുന്നതിനിടയില്‍ പോലീസ് പിടികൂടിയത്. ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ മുരളീധരന്‍റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ കെ.അജിത, ജി ജിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ എ എസ് ഐ എന്‍ എം രമേശന്‍, സീനിയര്‍ സിപിഒ മാരായ ദിലീഷ് കുമാര്‍ ,അജിത്ത് , കെ ധനേഷ് , മഹേഷ് , ഡ്രൈവര്‍ കെ സുമേഷ് എന്നിരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. ലഹരിക്കെതിരെ നീലേശ്വരം ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തില്‍ 26 ന് ജനപ്രതിനിധികള്‍, വ്യാപാരികള്‍, വായനശാല, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, സ്കൂളുകള്‍,ആരാധനാലയങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നീലേശ്വരത്ത് പ്രതിരോധ ചങ്ങല തീര്‍ക്കുന്നുണ്ട്.







