Wednesday, May 22, 2024
Latest:

കുട്ടിക്കാല സൗഹൃദം

കൂക്കാനം റഹ്‌മാന്‍

സമപ്രായക്കാരായ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയെന്നുള്ളത് മനസിന് സന്തോഷം നല്‍കുന്ന കാര്യമാണ്. മുമ്പൊക്കെ മുഖാമുഖം നോക്കി സംസാരിക്കാമായിരുന്നു. ഇന്ന് ഫോണ്‍ വഴിയാണ് ബന്ധപ്പെടുന്നത്. അത് എളുപ്പവുമാണ്. ഇന്ന് രാവിലെ മൊബൈലിലേക്ക് ഒരു വിളിവന്നു. നമ്പര്‍ പരിചയമില്ലാത്തതാണ്. അത്തരം കോളുകള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്യാറില്ല. ആരെങ്കിലുമാവട്ടെ എന്ന ചിന്തയോടെ ഫോണ്‍ എടുത്തു,
‘ ഹലോ ഞാന്‍ ഇസ്മായില്‍ മാഷ്. ഓര്‍മ്മയുണ്ടോ?’ ‘ഇല്ല’ എന്നായിരുന്നു എന്റെ മറുപടി. ‘2006 ല്‍ കക്കറ ഗവ:യു.പി. സ്‌കൂളില്‍ നിന്ന് വിരമിച്ച ഹെഡ്മാസ്റ്റര്‍’
‘ഓ…, മനസ്സിലായി.”
പിന്നീട് 18 വര്‍ഷത്തെ കഥകള്‍ ഞങ്ങള്‍ പങ്കിട്ടു. 2006 മാര്‍ച്ചില്‍ ഇസ്മായില്‍ മാഷിന്റെ യാത്രയയപ്പു യോഗത്തിന്റെ ഉല്‍ഘാടകന്‍ ഞാനായിരുന്നു. അതിനു ശേഷം തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അന്ന് ഞാന്‍ എസ്.എസ്. എ. യുടെ പയ്യന്നൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസറയിരുന്നു. 2002 ലാണെന്ന് തോന്നുന്നു. പ്രസ്തുത സ്‌കൂളിന് അനുവദിച്ചു കിട്ടിയ കെട്ടിടത്തിന്റെ ഉല്‍ഘാടന കര്‍മ്മത്തിന് എന്നെയാണ് ക്ഷണിച്ചത്. ജീവിതത്തില്‍ ആദ്യത്തേതും അവസാനത്തേതുമായ ഒരവസരമായിരുന്നു അത്. സ്‌കൂള്‍ ചുവരില്‍ ഉദ്ഘാടകനായ എന്റെ പേര് ഫലകത്തില്‍ എഴുതിക്കണ്ടു. അതിന്നും മരിക്കാത്തൊരോര്‍മ്മയായി അവിടെയുണ്ട്. അതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ വ്യക്തിപരമായി പരാമര്‍ശം, ‘മക്കള്‍ എത്ര?’
‘ഒരു മകള്‍ മാത്രം. അവള്‍ തളിപ്പറമ്പ സീതി സാഹിബ് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയാണ്. ഭര്‍ത്താവും അതേ സ്‌കൂളില്‍ അധ്യാപകനാണ്. ‘
‘ഭാര്യ?’
‘അവളും ഹെഡ്മിസ്ട്ട്രസായി റിട്ടയര്‍ ചെയ്തു. ബന്ധുക്കളെ സന്ദര്‍ശിച്ചും, നാടുകാണാന്‍ ചെന്നും സമയം കഴിച്ചു കൂട്ടുന്നു.
ഞാന്‍ ദിവസം 3 മണിക്കൂര്‍ കൃഷിപ്പണി ചെയ്യും. എട്ട് ഏക്കറോളം ഭൂമിയുണ്ട്. കവുങ്ങും തെങ്ങും, റബ്ബറും ഒക്കെയുണ്ട്. പണിക്ക് ആരെയും വിളിക്കാറില്ല. കാട് വെട്ടിക്കളയാന്‍ മാത്രം പണിക്കാരെ കൂട്ടും. ജീവിതശൈലീ രോഗങ്ങളൊന്നുമില്ല. ബാക്കി സമയം പൊതു പ്രവര്‍ത്തനത്തിന് നീക്കിവെക്കും. ജലനിധി കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്കായി പോകാന്‍ ഒരുങ്ങി നില്‍ക്കയാണ്.’
‘താങ്കള്‍ ഭാഗ്യവാനാണ്. കേള്‍ക്കുമ്പോള്‍ എനിക്ക് അസൂയ തോന്നുന്നു. ഷുഗര്‍ പേഷ്യന്റും ഹാര്‍ട്ട് പേഷ്യന്റുമായ എനിക്ക് ഇങ്ങനെയൊന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്നത് കൊണ്ടാണ് അസൂയ. തമാശയാണേ.’
‘മാഷേ എന്റെ ജന്മനാട് കൊല്ലമാണ്. ബാപ്പയ്ക്ക് ഞങ്ങള്‍ പത്ത് മക്കളാണ്. ഇപ്പോള്‍ മക്കളും മക്കളുടെ മക്കളുമായി 152 പേരുണ്ട്. വര്‍ഷത്തില്‍ ഞങ്ങള്‍ ഒത്തുകൂടും. ഞാനാണ് മൂത്തയാള്‍. എന്റെ വകയായി നല്ലൊരു സദ്യയൊരുക്കി എല്ലാവര്‍ക്കും പുതുവസ്ത്രങ്ങളും സമ്മാനമായി നല്‍കും. ഇതിനായി നാട്ടില്‍ ചെല്ലും. സന്തോഷകരമായ മുഹൂര്‍ത്തമാണിത്’
കൂട്ടത്തില്‍ എന്നേക്കുറിച്ചു ചോദിച്ചു. വിശദമായി പറഞ്ഞു കൊടുത്തു. അടുത്തു തന്നെ തമ്മില്‍ കാണാമെന്ന് പറഞ്ഞു ഫോണ്‍ വെച്ചു.
ഇസ്മായില്‍ മാഷെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു. സ്‌ക്രീനില്‍ പേര് തെളിഞ്ഞു. ടി.പി. രവീന്ദ്രന്‍ വെള്ളൂര്‍. ഞങ്ങള്‍ സഹപാഠികളാണ്. എന്റെ സഹധര്‍മ്മിണിയുടെ ഗുരുനാഥനാണ്. എല്ലാം ഉള്ളുതുറന്നു പറയുന്ന സ്വഭാവക്കാരനാണ്.
‘ഹലോ’ ഞാന്‍ അറ്റന്‍ഡ് ചെയ്തു.
‘നീ ജീവിച്ചിരിപ്പുണ്ടോ’
രവിമാഷിന്റെ സ്ഥിരം ചോദ്യം ഇങ്ങിനെയാണ്. രവി മാഷിന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍ എന്റെ ഒപ്പം പഠിച്ചവളാണ്. ഇപ്പോള്‍ പക്ഷാഘാതം ബാധിച്ച് തീരെ കിടപ്പിലാണ്. ടീച്ചറുടെ പരിരക്ഷണച്ചുമതല മുഴുവന്‍ രവി മാഷ് സ്വയം സന്തോഷത്തോടെ ഏറ്റടുത്തിരിക്കയാണ്. മാസത്തിലൊരിക്കലെങ്കിലും ഞങ്ങള്‍ ഫോണ്‍ മുഖേന ബന്ധപ്പെടും. ഇന്ന് സംസാരിച്ചത് മുഴുവന്‍ ഞങ്ങളുടെ കുട്ടിക്കാല അനുഭവമായിരുന്നു. 1950-60 കാലത്തെ ദാരിദ്ര്യത്തെക്കുറിച്ചാണ് ഞങ്ങള്‍ രണ്ടു പേരും അയവിറക്കിയത്. ദാരിദ്ര്യ സമയത്ത് പിശുക്കി ജീവിച്ചു വന്ന അനുഭവം, ഞങ്ങളുടെ കുട്ടികളും കുഞ്ഞുമക്കളും അംഗീകരിക്കാത്ത ദുഃഖം. അന്ന് 50 മില്ലി വെളിച്ചണ്ണ കൊണ്ട് ഒന്നോ രണ്ടോ ദിവസം കഴിച്ചു കൂട്ടും, ഇന്ന് ആ സ്ഥാനത്ത് 250 മില്ലി വെളിച്ചണ്ണ ആര്‍ഭാടമായി ഞങ്ങളുടെ മക്കള്‍ ഉപയോഗിക്കുന്നു. പണ്ട് ലൈഫ്ബോയ് സോപ്പു വാങ്ങി കഷണങ്ങളാക്കി മുറിച്ചാണ് ഞങ്ങള്‍ ഉപയോഗിച്ചത്. കുളക്കടവില്‍ കുളിക്കാന്‍ ചെന്നപ്പോള്‍ ഒരു ചേട്ടന്‍ നല്ല മണമുള്ള മൈസൂര്‍ സാന്‍ഡല്‍ സോപ്പ് തേച്ച് കുളിക്കുന്നത് രവി മാഷ് നോക്കി നിന്നതും, അത് പോലുള്ള സോപ്പ് തേക്കാന്‍ ആശിച്ചതും പറഞ്ഞു. ഇന്നും കളിമുറിയില്‍ ചെന്നാല്‍ മുഴുവന്‍ തേഞ്ഞു പോയ സോപ്പ് നോക്കി ഞങ്ങളുടെ മക്കള്‍ ലുബ്ധിനെ കുറിച്ച് സുയിപ്പാക്കും. ഇങ്ങിനെയാണ് ഞങ്ങള്‍ പഠിച്ചു വന്നത്. ടൂത്ത് പേസ്റ്റിന്റെ ഉപയോഗവും അങ്ങിനെ തന്നെ, ട്യൂബ് ഞെക്കി പിഴിഞ്ഞ് ചിലപ്പോള്‍ തെങ്ങിനോ കവുങ്ങിനോ ട്യൂബ് അമര്‍ത്തിച്ചിടിച്ച് പേസ്റ്റ് മുഴുവനും എടുത്തിട്ടേ ട്യൂബ് കളയൂ. ഇതൊക്കെ മക്കള്‍ക്ക് തമാശയാണ്. അടുക്കളയിലേക്ക് വാങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ അധികം ഉപയോഗിക്കല്ലേ എന്ന് നിര്‍ദ്ദേശിച്ചാല്‍ ‘റീ അടിക്കല്ലേ അച്ഛാ’ എന്നായിരിക്കും മറുപടി. ഞങ്ങളുടെ പ്രായക്കാര്‍ ഒരു കഷണം കടലാസുപോലും വെറുതെ കളയില്ല. അത് സൂക്ഷിച്ചു വെക്കും. എന്തിനെങ്കിലും പ്രയോജനപ്പെടുത്തും. പഴയ പട്ടിണിക്കാലത്ത് ശീലിച്ചു വന്ന കരുതിവെക്കല്‍ ഇപ്പോഴും തുടരുന്നവരാണ് 70 വയസ് പിന്നിട്ട ഞങ്ങളെ പോലുളള പ്രായക്കാര്‍. ഇത്തരം ഓര്‍മ്മകളാണ് പത്ത് പതിനഞ്ച് മിനിട്ടു നേരം ഞങ്ങള്‍ ഫോണിലൂടെ പങ്കിട്ടത്.
ഉച്ച സമയത്ത് വന്ന ഫോണ്‍ കാള്‍ സന്തോഷത്തിന്റേതായിരുന്നു. ‘ചിഞ്ചു പോലീസ്’ എന്ന് ഫോണില്‍ സേവ് ചെയ്തു വെച്ചിരുന്നു. 2003ല്‍ ചിഞ്ചുവിനെക്കുറിച്ച് ഒരു ലേഖനം എഴുതിയത് ‘വെളിച്ചം വിതറുന്ന വനിതകള്‍’ എന്ന എന്റെ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് സ്പോര്‍ട്സ് രംഗത്തെ മികവും കൂടി കണക്കിലെടുത്ത് ചിഞ്ചുവിന് പോലീസ് സെലക്ഷന്‍ കിട്ടിയിരുന്നു. ഇന്ത്യക്കകത്തും പുറത്തും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു വിജയം വരിച്ച അനുഭവങ്ങളാണ് ആ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നത്. ചിഞ്ചുവിന് ഏതോ രംഗത്ത് ഒരംഗീകാരം കിട്ടിയ ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ അഭിനന്ദനം അറിയിക്കാന്‍ ഒന്നുരണ്ടു ദിവസം മുമ്പ് വിളിച്ചിരുന്നു. അന്നവള്‍ക്ക് ഫോണ്‍ എടുക്കാന്‍ പറ്റിയില്ല. അതിനാല്‍ ഇന്ന് എന്നെ തിരിച്ചു വിളിച്ചതാണ്. പത്ത് പതിനെട്ട് വര്‍ഷക്കാലം ഞങ്ങള്‍ തമ്മില്‍ ബന്ധമില്ലായിരുന്നു. ഇപ്പോള്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്നു. രണ്ട് മക്കളുടെ അമ്മയാണ്. ഭര്‍ത്താവ് സൗത്താഫ്രിക്കയില്‍ ജോലി നോക്കുന്നു എന്നൊക്കെ സംസാരിച്ചു. മുമ്പ് ചിഞ്ചുവിനെ കുറിച്ചെഴുതിയ പുസ്തകം സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും ഇടയ്ക്ക് നോക്കാറുണ്ടെന്നും പറഞ്ഞു.
കനകപ്പള്ളിയെന്ന കാസര്‍കോട് ജില്ലയിലെ കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ചിഞ്ചു ജോസ് സ്വയം ആര്‍ജിച്ചെടുത്ത കരുത്തുമായി നിയമപാലകരംഗത്ത് മുന്നേറുകയാണ്. അന്ന് ചിഞ്ചുവിനോട് ഒരു ചോദ്യം ചോദിച്ചു. ‘പെണ്‍കുട്ടികള്‍ക്ക് ചിഞ്ചുവിന് നല്‍കാനുള്ള സന്ദേശമെന്താണ്?’ ഉടനെ മറുപടി വന്നു. ‘മാനസിക ധൈര്യം കൈവരിക്കണം. എനിക്ക് സാധിക്കും എന്ന ശുഭാപ്തിവിശ്വാസം വേണം. അരുതായ്മകള്‍ക്ക് വശപ്പെട്ടു പോകാതിരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തണം.’
ഇന്നും ഈ സന്ദേശത്തിന് പ്രസക്തിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page