കാസര്‍കോട് : വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ കേന്ദ്രസര്‍വകലാശാല അധ്യാപകന് സസ്പെൻഷൻ.ഇംഗ്ലീഷ് താരതമ്യ വിഭാഗം അസി. പ്രൊഫസര്‍ ഡോ. ബി. ഇഫ്തികര്‍ അഹമ്മദിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമികാന്വേഷണത്തില്‍, പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി.പരാതിയെത്തുടര്‍ന്ന് രണ്ടാഴ്ചയായി ഇയാളെ ക്ലാസെടുക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു. സസ്പെൻഷൻ നടപടിയുടെ കാലയളവില്‍ മുൻകൂട്ടി അനുമതിയില്ലാതെ സര്‍വകലാശാല ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്ന് വൈസ് ചാൻസലര്‍ ചുമതലയുള്ള ഡോ. കെ.സി. ബൈജു നല്‍കിയ സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു.
നവംബര്‍ 13-നാണ് പരാതിക്കാധാരമായ സംഭവം നടന്നത്. ഇന്റേണല്‍ പരീക്ഷയ്ക്കിടയില്‍ ബോധരഹിതയായ വിദ്യാര്‍ഥിനിയെ, ആസ്പത്രിയില്‍ കൊണ്ടുപോകും വഴി മോശമായി സ്പര്‍ശിച്ചുവെന്നും ക്ലാസില്‍ അശ്ലീലച്ചുവയോടെ സംസാരിക്കുന്നുവെന്നുമാണ് വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടത്. അധ്യാപകനെതിരെ സമരവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തുകയും വിവരം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. മുൻപും സമാനമായ ആരോപണം നേരിട്ടിട്ടുള്ള ആളാണ് ഡോ. ഇഫ്ത്തിക്കർ അഹമ്മദ്.