37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾ കൊണ്ട് ആറായിരമടിയിലേക്ക് താഴ്ന്നു; പരിഭ്രാന്തരായി യാത്രക്കാർ; സിംഗപ്പൂർ വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരാൾ മരിച്ചു; 30 പേർക്ക് പരിക്ക്

സിംഗപ്പൂര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ് ക്യു 321 യാത്രാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച സിംഗപ്പൂർ എയർലൈൻസിന്റെ ബോയിങ് 777–300ഇആർ വിമാനമാണ് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആകാശച്ചുഴിയിൽ പെട്ടത്. 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾ കൊണ്ട് ആറായിരമടിയിലേക്ക് താഴ്ന്നു. പരിഭ്രാന്തരായ യാത്രക്കാർ എന്തു ചെയ്യണം എന്നറിയാതെ സ്തംബ്ധരായി. ഒന്നിച്ചൊരു നിലവിളിയാണ് ആദ്യമുയർന്നത്. പെട്ടെന്ന് വിമാനം താഴ്ന്നതിനാൽ സീറ്റ് ബെൽറ്റ് ധരിക്കാത്തവർ സീലിങ്ങിൽ ചെന്ന് ഇടിക്കുകയായിരുന്നു. അങ്ങനെയാണ് പലർക്കും പരിക്കേറ്റത്. 73-കാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. മരണം ഹൃദയാഘാതത്തെ തുടർന്നാകാമെന്ന് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലെ എയർപോർട്ട് ജനറൽ മാനേജർ കിറ്റിപോങ് പറഞ്ഞു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിമാനം ബാങ്കോക്കിലെ സുവര്‍ണഭൂമി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഉച്ചക്ക് 3.45 ന് ലാന്‍ഡ് ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ അപ്പോഴേക്കും തായ് അധികൃതർ ആംബുലൻസ് സൗകര്യം ഒരുക്കിയിരുന്നു. പരിക്കേറ്റവരെ താമസിയാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എയർലൈൻ അധികൃതർ അറിയിച്ചു. മറ്റു യാത്രക്കാരും വിമാന ജീവനക്കാരും നിരീക്ഷണത്തിലാണ്. വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മെഡിക്കല്‍ സഹായത്തിനായി തായ്‌ലന്‍ഡിലെ പ്രാദേശിക വക്താക്കളുമായി ബന്ധപ്പെടുകയാണെന്നും വിമാനകമ്പനി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page