വടക്കന്‍ ജില്ലകളില്‍ മഴയെത്തുന്നു; ഒപ്പം ചൂടും കനക്കും; മൂന്നു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സംസ്ഥാനത്ത് ചൂടിനൊപ്പം മഴയും. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. മൂന്നു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വിവിധയിടങ്ങളില്‍ ഇടവിട്ട് മഴ പെയ്തിരുന്നുവെങ്കിലും വടക്കന്‍ ജില്ലകളിലേക്ക് മഴയെത്തിയിരുന്നില്ല. എന്നാല്‍ ഇന്നത്തെ മഴ മുന്നറിയിപ്പ് പ്രകാരം വടക്കന്‍ ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. ഇന്ന് 11 ജില്ലകളിലാണ് താപനില ഉയരുന്നതില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും താപം ഉയരും. കാസര്‍കോട് ജില്ലയില്‍ 37 ഡിഗ്രിവരെ താപ നിലയെത്തും. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും നാളെ രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page