കാസർകോട്: നഗരസഭാ ഭരണത്തിൽ ചെയർപേഴ്സൺ അമിതാധികാരം പ്രയോഗിക്കുകയും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നുവെന്നാ രോപിച്ച് ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല ധർണ ആരംഭിച്ചു. കൗൺസിലർ കെ. രവീന്ദ്ര പൂജാരി ധർണ ഉദ്ഘാടനം ചെയ്തു.കെ.പി.ആർ. റാവു റോഡിൽ പേ പാർക്കിംഗ് ഏർപ്പെടുത്താനുള്ള തീരുമാനം ഉടൻ റദ്ദാക്കണമെന്നും നഗരസഭാ ഭരണത്തിൽ ജനാധിപത്യപരമായ നടപടിക്രമങ്ങളും സുതാര്യതയും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സീ വ്യൂ പാർക്ക് പി.പി.പി. മാതൃകയിൽ വികസിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെയും ബിജെപി വിമർശനം ഉന്നയിച്ചു. പദ്ധതി നടപ്പാക്കിയാൽ നഗരസഭയ്ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ബാധ്യതകളും സ്വകാര്യ നിക്ഷേപത്തിന്റെ അളവും പ്രവർത്തനരീതികളും വ്യക്തമാക്കാതെ യും കൗൺസിൽ യോഗത്തിലോ ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളിലോ വിശദമായ ചർച്ച നടത്താതെയുമാണ് പദ്ധതിക്കു പത്രങ്ങളിൽ താൽപ്പര്യപത്രം (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് — ഇ.ഒ.ഐ.) ക്ഷണിച്ചതെന്നു അദ്ദേഹം ആരോപിച്ചു.കൗൺസിലിനെ നോക്കുകുത്തിയാക്കി ഏകാധിപത്യ ഭരണം നടത്താൻ ശ്രമം: സുനിൽനഗരസഭയുടെ പ്രധാനപ്പെട്ടതും അത്രുധാനങ്ങളുമായ സീ വ്യൂ പാർക്കും കെ.പി.ആർ. റാവു റോഡിലെ പാർക്കിംഗ് കേന്ദ്രങ്ങളും സ്വകാര്യവൽക്കരിക്കാനാണ് ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ശ്രമമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ ആരോപിച്ചു. ഇന്റർലോക്ക് പാകി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത കെ.പി.ആർ. റാവു റോഡ് പരിസരത്ത് പേ പാർക്കിംഗ് ഏർപ്പെടുത്താനും പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി.) മാതൃകയിൽ കരാർ നൽകാനും കൗൺസിലിന്റെ അനുമതിയില്ലാതെയാണ് തീരുമാനമെടുത്തത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട പ്രത്യേക അധികാരം സാധാരണ ഭരണപരമായ തീരുമാനങ്ങൾക്കായി വിനിയോഗിക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.ലഭിച്ച രണ്ട് അപേക്ഷകൾ വ്യക്തമായ കാരണങ്ങൾ വിശദീകരിക്കാതെ നിരസിക്കുകയും വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കാൻ നീക്കം നടത്തുകയും ചെയ്യുന്നത് സംശയങ്ങൾക്ക് ഇടയാക്കുന്നു. ആദ്യ വിജ്ഞാപനത്തിനായി ചെലവഴിച്ച തുക പൊതുപണത്തിന്റെ പാഴ്ച്ചെലവാണെന്നും ഇതിന് നഗരസഭാ ചെയർപേഴ്സൺ ഉത്തരവാദിയാണെന്നും പൊതുജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുപകരം ചില വ്യക്തികൾക്ക് അനുകൂലമായ രീതിയിൽ കരാർ നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്നും സുനിൽ ആരോപിച്ചു.കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം ചെയർപേഴ്സന് ലഭ്യമായ അടിയന്തര അധികാരം പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധികൾ, ജനങ്ങളുടെ ജീവനും സ്വത്തിനും അടിയന്തര സംരക്ഷണം ആവശ്യമായ സാഹചര്യങ്ങൾ തുടങ്ങിയവയിൽ വിനിയോഗിക്കേണ്ടതാണെന്നാണ് ബിജെപിയുടെ നിലപാട്. ദീർഘകാല സാമ്പത്തിക ബാധ്യതകൾക്ക് ഇടയാക്കാവുന്ന പി.പി.പി. പദ്ധതികൾ പൊതുചർച്ച കൂടാതെ നടപ്പാക്കാൻ ഈ അധികാരം ഉപയോഗിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ഇത്തരം തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നും സുനിൽ ആവശ്യപ്പെട്ടു.അമിതാധികാര ദുർവിനിയോഗം നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് നഗരകാര്യ വകുപ്പ് ഡയറക്ടർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനും ഔദ്യോഗിക പരാതി നൽകുമെന്നും ബിജെപി അറിയിച്ചു. നഗരസഭാ കൗൺസിലർമാരായ കെ. ഗുരുപ്രസാദ് പ്രഭു, മണ്ഡലം സെക്രട്ടറി ദിവ്യ സന്ദീപ്, മണ്ഡലം ട്രഷറർ ഹരീഷ് കെ.ആർ., കെ. രവീന്ദ്രപൂജാരി, ശ്രുതി കെ.എസ്, ശാരദ, സുധാ റാണി, ജി. രാജേഷ്അമേയ്, മധുകര, അരുണ് കുമാർ ഷെട്ടി, രാമകൃഷ്ണ ഹൊള്ള, രേഷ്മ ആർ. ധർണയിൽ പങ്കെടുത്തു.







