സ്‌കൂള്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു; 20 ലധികം പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഹരിയാനയിലെ നര്‍നേളില്‍ വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. 20 ലധികം പേര്‍ക്ക് പരിക്കേറ്റു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്‌കൂളിന് അവധിയാണെങ്കിലും അധികൃതര്‍ ഇന്നും സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ഉഞ്ഞാനി ഗ്രാമത്തിലെ കനിനയിലാണ് അപകടമുണ്ടായത്. ജിഎല്‍ പബ്ലിക് സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. പരിക്കേറ്റ 12 വിദ്യാര്‍ഥികളെ സ്ഥലത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ രോഹ്തക് ആശുപത്രിയിലും പ്രവേശിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. അപകടത്തില്‍പെട്ട ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നുവെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചിരുന്നുവോയെന്ന് സംശയിക്കുന്നുണ്ട്. ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ബസിന്റെ രേഖകളുടെ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം മുമ്പ് കഴിഞ്ഞിരുന്നു. സ്‌കൂള്‍ അധികൃതരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് പോവുകയായിരുന്ന ബൈക്ക് മറിഞ്ഞ് രക്ഷിതാവിന് പരിക്കേറ്റു. മാതാവിന്റെ കാലൊടിഞ്ഞതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page