ബിജെപി സമ്മേളന സ്ഥലത്ത് മനഃപൂര്‍വ്വം തിക്കും തിരക്കും; മുന്‍ എം.എല്‍.എ.യെ ഉള്‍പ്പെടെ പോക്കറ്റടിച്ച സംഘം അറസ്റ്റില്‍, 1.96 ലക്ഷം പിടികൂടി

മടിക്കേരി: മൈസൂര്‍ രാജാവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ യദുവീര്‍ വൊഡയാര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതു യോഗത്തിനിടയില്‍ മുന്‍ എം.എല്‍.എയുടേതടക്കം 1.96 ലക്ഷം രൂപ പോക്കറ്റടിച്ച സംഘം അറസ്റ്റില്‍. ഷിമോഗ സ്വദേശികളായ പുട്ടരാജു എന്ന പുട്ട (39), നാഗരാജ് എന്ന കാത്തിക്കിച്ച (42), കുള്ളന്‍ രാമു(42), കെ. ഉമേശ് (36), ജയണ്ണ (53), ഭോജ എന്നഭോജം (50), മെഗണ്‍ ബ് സുജാന്‍ (48), നിതീഷ് (21) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.96 ലക്ഷം രൂപ, 12 മൊബൈല്‍ ഫോണുകള്‍, രണ്ടു കാറുകള്‍ എന്നിവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം മടിക്കേരി, കുശാല്‍ നഗറിലാണ് അറസ്റ്റിനാസ്പദമായ സംഭവം. മൈസൂര്‍ രാജാവ് അടക്കമുള്ള ബിജെപി നേതാക്കള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് സമ്മേളന നഗരിയില്‍ വെച്ചാണ് സംഘം നിരവധി പേരുടെ പോക്കറ്റടിച്ചത്. മുന്‍ എം.എല്‍.എ അപ്പച്ചുരംഗന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്നുവെന്ന വ്യാജേന മനഃപൂര്‍വ്വം തിക്കും തിരക്കും ഉണ്ടാക്കുകയും അതിനിടയില്‍ പോക്കറ്റടിക്കുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സമ്മേളനം കഴിഞ്ഞതിന് ശേഷമാണ് പലര്‍ക്കും പേഴ്സും മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. നിരവധി പേര്‍ പരാതിയുമായി രംഗത്തു വന്നതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സമ്മേളനസ്ഥലത്തെ സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. തിരക്കേറിയ സ്ഥലങ്ങളില്‍ മനപൂര്‍വ്വം തിക്കും തിരക്കും ഉണ്ടാക്കി പോക്കറ്റടിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page