അമ്പലത്തറയിലെ 6.96 കോടി രൂപയുടെ കള്ളനോട്ട് വേട്ട; അന്വേഷണം മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക്; അഞ്ചു പേര്‍ക്ക് ബന്ധമെന്ന് സൂചന

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുപുരത്തെ വാടക വീട്ടില്‍ നിന്നും 6.96 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ കേസിന്റെ അന്വേഷണം മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. കേസിലെ പ്രതികളായ ബേക്കല്‍ ഹദ്ദാദ് നഗര്‍, പരേങ്ങാനം ഹൗസിലെ സുലൈമാന്‍, പെരിയ സിഎച്ച് ഹൗസിലെ അബ്ദുല്‍ റസാഖ് എന്നിവരുമായി ബന്ധമുള്ളവര്‍ പ്രസ്തുത രണ്ടു ജില്ലകളിലും കള്ളനോട്ട് ഇടപാട് നടത്തിയതായുള്ള സംശയത്തെത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. മാര്‍ച്ച് 20ന് വൈകുന്നേരമാണ് അബ്ദുല്‍ ഖാദറിന്റെ ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നു കള്ളനോട്ടുകള്‍ പിടികൂടിയത്. നിരോധിത 2000 രൂപയുടെ നോട്ടുകള്‍ ചാക്കുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു വീട്ടില്‍ പരിശോധന നടത്തി കള്ളനോട്ടുകള്‍ പിടികൂടിയത്.
ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ അബ്ദുല്‍ റസാഖിനെയും സുലൈമാനെയും വയനാട്ടിലെ റിസോര്‍ട്ടില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തുവെങ്കിലും കള്ളനോട്ട് എവിടെ വെച്ചാണ് അച്ചടിച്ചതെന്നു കണ്ടെത്താനായിട്ടില്ല. എന്നാല്‍ കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെയും മലപ്പുറത്തെയും അഞ്ചോളം പേര്‍ക്ക് അടുത്ത ബന്ധം ഉള്ളതായാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ള സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page