കാസര്‍കോട്: കുമ്പള ഗ്രാമപഞ്ചായത്തില്‍ ബില്‍ഡിങ് നമ്പര്‍ ലഭിക്കുന്നതിനായി മാറിപ്പോയ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ കെട്ടിടത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റും, വ്യാജ പണമടച്ച രസീതും ഉണ്ടാക്കിയെടുത്തെന്ന പരാതിയില്‍ പൂക്കട്ട സ്വദേശിക്കെതിരെ കേസെടുത്തു. കുമ്പള പഞ്ചായത്ത് മുന്‍ സെക്രട്ടറി കോട്ടയം സ്വദേശി സിദ്ധാര്‍ഥിന്റെ പരാതിയില്‍ കൊടിയമ്മ പൂക്കട്ടയിലെ ഫാറൂഖിനെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ജനുവരി 14-ന് ആണ് സംഭവം. ഫാറുഖിന്റെ ഉടമസ്ഥതയിലുള്ള ഉളുവാര്‍ എന്ന സ്ഥലത്തെ കെട്ടിടത്തിന്റെ ബില്‍ഡിങ് നമ്പറിനു വേണ്ടി എല്ലാം രേഖകളും വ്യാജമായി ഉണ്ടാക്കിയെടുക്കുകയായിരുന്നു. കഴിഞ്ഞ സപ്തംബര്‍ 25ന് സെക്രട്ടറി സ്ഥലം മാറിപ്പോയിരുന്നു. നവംബര്‍ 27 ന് റെഗുലറൈസേഷന്‍ ഓര്‍ഡറും, ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റും, പണം അടച്ച രസീതും വ്യാജമായി ഉണ്ടാക്കി അതെല്ലാം ഒറിജിനലാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിന് ശ്രമിച്ചെന്നാണ് പരാതി. വ്യാജമായി രേഖകള്‍ നിര്‍മിക്കാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.







