വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് ഏഴു പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; സംഭവത്തിന് പിന്നില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേര്‍

കണ്ണൂര്‍: വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഏഴുപവന്‍ സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തു. 10,000 രൂപയും എടിഎം കാര്‍ഡും അടങ്ങിയ പേഴ്സുമായി അക്രമികള്‍ കടന്നു കളഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ തലശ്ശേരി, ചിറക്കര, കെ.ടി.പി മുക്കിലാണ് സംഭവം. ഷിഫാസ് വീട്ടില്‍ ഹഫ്സത്ത് ആണ് അക്രമത്തിനിരയായത്. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ഇരുമ്പു ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് വരാന്തയിലെത്തിയ അക്രമികള്‍ മുന്‍വശത്തെ രണ്ട് വാതിലുകള്‍ തകര്‍ത്താണ് അകത്ത് കടന്നത്. ഹഫ്സത്ത് കിടന്നിരുന്ന മുറിക്കകത്ത് എത്തിയ അക്രമികള്‍ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. ഇതോടെ ഞെട്ടിയുണര്‍ന്ന ഹഫ്സത്ത് ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കത്തി കഴുത്തിലേക്ക് അടുപ്പിച്ച് വെച്ച ശേഷം ആഭരണങ്ങള്‍ ഊരിവാങ്ങി. തുടര്‍ന്നാണ് പഴ്സ് കൈക്കലാക്കിയത്. ഇതിനിടയില്‍ ഹൃദ്രോഗിയായ ഹഫ്സത്ത് ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ മുകളിലെ നിലയില്‍ കിടന്നുറങ്ങുകയായിരുന്ന കുടുംബാംഗങ്ങള്‍ ഉണര്‍ന്ന് മുറിയിലേക്ക് എത്തുന്നതിനിടയില്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. മുണ്ടു മാത്രമാണ് അക്രമികള്‍ ധരിച്ചിരുന്നത്. അജാനുബാഹുക്കളായ ഇരുവരും മുഖം മൂടിയും ധരിച്ചിരുന്നുവെന്ന് ഹഫ്സത്ത് മൊഴി നല്‍കി. തമിഴ് കലര്‍ന്ന മലയാളമാണ് ഇരുവരും സംസാരിച്ചിരുന്നതെന്നും മൊഴി നല്‍കി. വീട് നേരത്തെ വിശദമായി നിരീക്ഷിച്ച് വെച്ച ശേഷമായിരിക്കും അക്രമികള്‍ പുലര്‍ച്ചയോടെ എത്തിയതെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page