വീണ്ടും ലോക്കപ്പ് മരണം: മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: മയക്കുമരുന്ന് കേസില്‍ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങി മരിച്ച നിലയില്‍. ഇടുക്കി സ്വദേശിയായ ഷോജോ ജോണിനെയാണ് പാലക്കാട്ടോ എക്സൈസ് ലോക്കപ്പിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കണ്ടതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. രണ്ടുകിലോ ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ ഇന്നലെ വൈകിട്ടാണ് ഷോജോ ജോണിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ഷോജോ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ ജ്യോതി ആരോപിച്ചു.
ഇതിന് മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടിട്ടുള്ള ആളല്ല ഷോജോ എന്ന് ഭാര്യ പറഞ്ഞു. ഭര്‍ത്താവ് ആത്മഹത്യ ചെയ്യില്ല. കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഒരു രാത്രി കൊണ്ട് ഇത്തരത്തില്‍ ആത്മഹത്യ ചെയ്യില്ല. ഉദ്യോഗസ്ഥരുള്ള ഓഫീസില്‍, അവരുടെ നിരീക്ഷണം ഉള്ളപ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് ജീവനൊടുക്കാന്‍ കഴിയുകയെന്നും ഭാര്യ ചോദിച്ചു.
അതേസമയം എക്‌സൈസ് ഓഫീസിനുള്ളില്‍ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. സ്റ്റേഷനകത്തെ സിസിടിവി ക്യാമറയില്‍ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കിലോ ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് ഷോജോ ജോണിനെ എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page