സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം വരാന്‍ സാധ്യത. തിങ്കളാഴ്ച അക്കൗണ്ടില്‍ പണമെത്തിയാലും പ്രതിസന്ധി തീരാന്‍ സാധ്യതയില്ലെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് കിട്ടേണ്ട 4600 കോടി രൂപ കൂടി കിട്ടിയാലേ പിടിച്ച് നില്‍ക്കാനാകൂവെന്നാണ് വിവരം. കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥതല ചര്‍ച്ചക്കും സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമാണ് ആദ്യമായി മുടങ്ങിയത്. ട്രഷറിയില്‍ കൂടുതല്‍ പണം എത്തിയാലേ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങാതെ വിതരണം ചെയ്യാന്‍ കഴിയൂ. അടിയന്തരമായി 1800 കോടി രൂപ കണ്ടെത്തി ട്രഷറി ഫണ്ട് മാനേജ് ചെയ്താലേ ചീഫ് സെക്രട്ടറി മുതല്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍വരെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയൂ. തിങ്കളാഴ്ചയോടെ അതു സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാരിന്റെ ദൈനംദിന ആവശ്യങ്ങളും വായ്പാതിരിച്ചടവും ശമ്പള വിതരണവുമടക്കം കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഫണ്ട് മാനേജ്‌മെന്റ്. അതുക്രമപ്പെടുത്തിയാല്‍ ശമ്പളം നല്‍കാം. കഴിഞ്ഞ ദിവസം കേരളത്തിനുള്ള വിഹിതമായി കേന്ദ്രത്തില്‍ നിന്നു കിട്ടിയ 4122 കോടിയും ഇത്തരത്തില്‍ വിനിയോഗിക്കുകയാണ്. പെന്‍ഷന്‍ വിതരണം പതിവുപോലെ നടക്കുന്നുണ്ട്.
അതേസമയം ചരിത്രത്തില്‍ ആദ്യമായി മാസത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിലും ശമ്പള വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന പേരുദോഷം സര്‍ക്കാരിനെ വേട്ടയാടുകയാണ്. രേഖകളിലെ കണക്കു പ്രകാരം ട്രഷറി അക്കൗണ്ടുകളിലേക്ക് ജീവനക്കാരുടെ ശമ്പളം വരവുവച്ചെങ്കിലും പണം അതിലേക്ക് മാറ്റിയിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണ് ശമ്പളം പിന്‍വലിക്കാന്‍ ആകാത്തതെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ പ്രതികരണം. ഈമാസം കിട്ടേണ്ട 13,600 കോടി കേന്ദ്രം തന്നിട്ടില്ലെന്നും മന്ത്രി ആരോപിച്ചു.







