‘ഗോവിന്ദന്‍ മാസ്റ്ററെ പോയികാണൂ’; ചികിത്സ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും സുരേഷ് ഗോപി അപമാനിച്ചെന്ന് ആരോപണം

തൃശൂര്‍: അപൂര്‍വരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമാനിച്ചതായി പരാതി. ചികിത്സക്കായി സഹായം അഭ്യര്‍ഥിച്ചപ്പോള്‍ കളിയാക്കുന്ന തരത്തില്‍ ഗോവിന്ദന്‍ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി പറഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരില്‍ താമസിക്കുന്ന സിന്ധുവാണ് സുരേഷ് ഗോപിയോട് മകന്‍ അശ്വിന് ചികിത്സക്കായി സഹായം അഭ്യര്‍ഥിച്ചത്. ഗോവിന്ദന്‍ മാസ്റ്ററെ പോയി കാണാന്‍ പറഞ്ഞപ്പോള്‍ കളിയാക്കിയതാണെന്ന് മനസ്സിലായില്ല. ഒടുവില്‍ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ഗോവിന്ദന്‍ മാസ്റ്ററെന്ന് സിന്ധു തിരക്കി. പിന്നീട് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നവരാണ് കളിയാക്കിയതാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിയത്. ഇതോടെ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് കൈക്കുഞ്ഞുമായി സിന്ധു കരഞ്ഞുവെന്നും പിന്നീട് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നവരാണ് സിന്ധുവിനെ സമാധാനിപ്പിച്ചതെന്നും പറയുന്നു.
തമിഴ്‌നാട് സ്വദേശിനിയായ സിന്ധു കോടീശ്വരന്‍ പരിപാടി വഴിയാണ് സുരേഷ് ഗോപിയെ അറിയുന്നത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിടെ സുരേഷ് ഗോപിയേയും സംഘത്തേയും കണ്ടപ്പോള്‍ രണ്ടു വയസ്സുള്ള മകന്‍ അശ്വിനേയും എടുത്ത് സഹായം ചോദിക്കുകയായിരുന്നു. മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വ രോഗത്തിന് ചികിത്സയിലാണ് അശ്വിന്‍. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവുണ്ട്. ഈ അവസ്ഥയിലാണ് നിരവധി പേരെ പണം നല്‍കി സഹായിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് യുവതി സുരേഷ് ഗോപിയെ കാണാനായി എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page