വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ക്രമക്കേട്; മധൂര്‍ പഞ്ചായത്തില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നു

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് മധൂര്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നു എന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് സംഘം പരിശോധന ആരംഭിച്ചു. ഡിവൈഎസ്.പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ക്രമക്കേട് നടത്തിയെന്ന എല്‍.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധനക്കെത്തിയത്. 50,000 രൂപയില്‍ താഴെമാത്രം ചെലവ് വരുന്നിടത്താണ് 8.09 ലക്ഷം രൂപയുടെ ബില്ല് സമര്‍പ്പിച്ച് പണം തട്ടിയതെന്നാണ് ആരോപണം. വെബ്സൈറ്റില്‍നിന്നും വോട്ടേഴ്സ് പട്ടിക ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത വകയിലാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. ഇതില്‍ 6,17,350 രൂപ രണ്ടിടങ്ങളിലെ പ്രസ്സുകള്‍ക്കു കൈമാറിയിരുന്നു. പഞ്ചായത്ത് ധനകാര്യ സ്ഥിര സമിതിയില്‍ ഇക്കാര്യം അജണ്ടയായി എത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. വിജിലന്‍സ് സംഘത്തിന്റെ പരിശോധനയില്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page