വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യ വീപ്പയിൽ ഉപേക്ഷിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ

ബംഗളൂരു:വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യവീപ്പയില്‍ ഉപേക്ഷിച്ച കേസില്‍ അയല്‍വാസിയും അകന്ന ബന്ധുവുമായ യുവാവ് അറസ്റ്റില്‍.കെആർപുരം നിസർഗ ലേഔട്ടിലെ ആളൊഴിഞ്ഞയിടത്തു പ്ലാസ്റ്റിക് വീപ്പയില്‍ നിന്ന് സുശീലാമ്മയുടെ (70) മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണു ദിനേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബിജെപി പ്രവർത്തക കൂടിയായ സുശീലാമ്മ താമസിക്കുന്ന അതേ അപ്പാർട്മെന്റിലെ മറ്റൊരു ഫ്ലാറ്റില്‍ മകളും താമസിക്കുന്നുണ്ട്. ശനിയാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു. മൃതദേഹത്തില്‍ നിന്ന് ആഭരണം നഷ്ടമാകാത്തതിനാല്‍ രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് ആദ്യം കരുതിയത്.തുടർന്ന് ഞായറാഴ്ച പുലർച്ചെ ഒരാള്‍ വീപ്പയും ചുമന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ദിനേഷിലേക്ക് അന്വേഷണം നീണ്ടത്. അടുത്തയിടെ സുശീലാമ്മ സ്ഥലം വിറ്റിരുന്നു. വൻതുക കടമുള്ള ദിനേഷ് പണം ചോദിച്ചെങ്കിലും നല്‍കിയില്ല. തുടർന്ന് ആഭരണങ്ങള്‍ കവരാൻ പദ്ധതിയിട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി. കൊലപ്പെടുത്തിയ ശേഷമാണ് സുശീലാമ്മ മുക്കുപണ്ടങ്ങളാണ് അണിഞ്ഞിരുന്നതെന്നു തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page