കാസർകോട്: നഗരസഭയിലെ ആരോഗ്യവിഭാഗത്തിൽ വിജിലൻസ് മിന്നൽ പരിശോധന. നഗരസഭ പരിധിയിലെ കഫേകൾ, കൂൾബാറുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ കുടിവെള്ള പരിശോധനയുമായി ബന്ധപ്പെട്ട നടപടികളിൽ ക്രമക്കേടുകൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ സ്ഥാപനങ്ങളിൽ നേരിട്ടെത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് സീൽ ചെയ്ത് നൽകുകയും സ്ഥാപന ഉടമകൾ അത് ലാബിൽ എത്തിച്ച് പരിശോധന നടത്തുകയാണ് ചെയ്യേണ്ടത്. എന്നാൽ ഇത്തരം നടപടിക്രമങ്ങൾ പാലിക്കാതെ വിവിധ സ്ഥാപനങ്ങളിൽനിന്ന് ശേഖരിക്കുന്ന വെള്ളത്തിന്റെ സാമ്പിളുകൾ ലാബിൽ പരിശോധനയ്ക്ക് അയക്കുന്നതായും, പരിശോധനാ നടപടികൾ പൂർത്തിയാക്കാതെ ലൈസൻസ് പുതുക്കി നൽകുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപന ഉടമകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മൂലമാണോ ഇത്തരം ക്രമക്കേടുകൾ നടക്കുന്നതെന്ന സംശയവും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ശാസ്ത്രീയമായ ജലപരിശോധന ഉറപ്പാക്കാതെ ലൈസൻസ് പുതുക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകാൻ സാധ്യതയുള്ളതിനാലാണ് പരിശോധന നടത്തിയത്.
വിജിലൻസ് ഡി.വൈ.എസ്.പി. വിശ്വംഭരൻ നായരുടെ നിർദേശപ്രകാരം വിജിലൻസ് ഇൻസ്‌പെക്ടർ യുപി വിപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എസ്.ഐ. ജയചന്ദ്രൻ, എസ്.സി.പി.ഒ. സജീഷ്, സി.പി.ഒ.മാരായ രാഹുൽ, വിജേഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.







