അയോധ്യ ട്രെയിന്‍ കത്തിക്കുമെന്ന് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

അയോധ്യയില്‍ നിന്ന് തീര്‍ഥാടകരുമായി മടങ്ങുകയായിരുന്ന ട്രെയിന്‍ കര്‍ണാടക ഹോസ്‌പേട്ട് റെയില്‍വേ സ്റ്റേഷനില്‍ തീവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. ട്രെയിന്‍ ഹോസ്‌പേട്ട് സ്റ്റേഷനിലെത്തിയപ്പോള്‍ റിസര്‍വ്ഡ് കംപാര്‍ട്ടുമെന്റില്‍ കയറാന്‍ ശ്രമിച്ച നാലുയുവാക്കളും യാത്രക്കാരും തമ്മിലുണ്ടായ വാക്കേറ്റമാണ് തീവെയ്പ്പു ഭീഷണിയില്‍ കലാശിച്ചത്. ട്രെയിന്‍, യാത്രക്കാരുടെ കുടുംബ സ്വത്തല്ലെന്നും അതിന് തീവെയ്ക്കുമെന്നും ഒരു യുവാവ് ഭീഷണി മുഴക്കുകയായിരുന്നു. ഇതിനിടെ അക്രമികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ സ്റ്റേഷനില്‍ പ്രതിഷേധിച്ചു. ഇതിനിടയില്‍ നാലുയുവാക്കളെയും റിസര്‍വ്ഡ് കംപാര്‍ട്ട്‌മെന്റില്‍ നിന്ന് പൊലീസ് ജനറല്‍ കംപാര്‍ട്ട്‌മെന്റിലേക്ക് മാറ്റിയിരുന്നു. വിവരമറിഞ്ഞെത്തിയ ജില്ലാപൊലീസ് മേധാവി സമരക്കാരുമായി ചര്‍ച്ചനടത്തി. സംഭവത്തില്‍ കേസെടുക്കാമെന്നും അക്രമികളെ നിയമനടപടിക്ക് വിധേയമാക്കാമെന്നും ഉറപ്പുകൊടുത്തശേഷമാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. എന്നാല്‍ അപ്പോഴേക്കും ബഹളത്തിന് തുടക്കമിട്ട നാലുയുവാക്കള്‍ രക്ഷപ്പെട്ടു. അതിലൊരാളെയാണ് അറസ്റ്റുചെയ്തത്. രക്ഷപ്പെട്ടവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page