കാസര്‍കോട്: ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് നല്‍കിയത് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് ഗുളികയാണെന്നാരോപണം. ഡോക്ടറുടെ കുറിപ്പടി പ്രകാരം ഫാര്‍മസിയില്‍നിന്ന് വാങ്ങിയ മരുന്ന് 15 കാരന്‍ നാലുദിവസം കഴിച്ചിരുന്നു. അസ്വസ്ഥതയെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നുവെന്ന് ബായാര്‍ സ്വദേശി അഹമ്മദ് ഇര്‍ഫാസും മാതാവ് ഖദീജ ഭാനുവും പറയുന്നു. കാലിലെ മുറിവിനും പനിക്കും ചികിത്സ തേടിയാണ് അഹമ്മദ് ഇര്‍ഫാസ് ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. ഫാര്‍മസിയില്‍നിന്ന് വാങ്ങിയ മരുന്ന് കുട്ടി വീട്ടിലെത്തി കഴിക്കുകയായിരുന്നു. നാലുദിവസം തുടര്‍ച്ചയായി കഴിച്ചപ്പോള്‍ തലക്കറക്കം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ അത് കാര്യമാക്കിയില്ല. അതിനിടെ ഇര്‍ഫാസിന്റെ സഹോദരി മരുന്ന് പരിശോധിച്ചപ്പോഴാണ് ജൂലൈയില്‍ കാലാവധി കഴിഞ്ഞ മരുന്നാണിതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് കുട്ടിക്ക് സംഭവിച്ച ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി കുടുംബം ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.







