കാസര്‍കോട്: നാദാപുരത്തെ കടയില്‍ നിന്നു 92 ഐ ഫോണുകള്‍ കൊള്ളയടിച്ച സംഘം സഞ്ചരിച്ചിരുന്നതെന്നു കരുതുന്ന ബൈക്ക് തെക്കില്‍ പുഴയില്‍ നിന്നു കണ്ടെത്തി. വിദ്യാനഗര്‍ പൊലീസാണ് ബൈക്ക് കണ്ടെത്തിയത്. പുഴയില്‍ ബൈക്ക് മുങ്ങിക്കിടക്കുന്നത് കണ്ടവരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ബൈക്ക് കരയ്ക്ക് കയറ്റി കസ്റ്റഡിയിലെടുത്ത് സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാദാപുരത്തെ കേസുമായി ബന്ധപ്പെട്ട വിവരം ലഭിച്ചത്. വിവരം നാദാപുരം പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ആഗസ്റ്റ് മാസം അവസാനവാരത്തിലാണ് വില്യാപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ നാദാപുരം ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ കൊള്ള നടന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ 80 ലക്ഷം രൂപ വില വരുന്ന ഐ ഫോണുകളുമായാണ് സ്ഥലം വിട്ടത്. സിസിടിവി ക്യാമറ തിരിച്ചുവച്ച ശേഷമായിരുന്നു കൊള്ള നടത്തിയത്. പരിസരത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊള്ളക്കാര്‍ വടക്കന്‍ കേരളത്തിലേക്ക് കടന്നുവെന്ന സംശയമാണ് പൊലീസിനുണ്ടായത്. ഇതിനിടയിലാണ് കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബൈക്ക് തെക്കില്‍ പുഴയില്‍ നിന്ന് കണ്ടെടുത്തത്.







