വഴി യാത്രക്കാരിയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചു; ബൈക്കില്‍ എത്തിയ ദമ്പതികള്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

പയ്യന്നൂര്‍: വഴിയാത്രക്കാരിയായ വയോധികയുടെ കഴുത്തില്‍ നിന്നു സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട ദമ്പതികള്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. പയ്യന്നൂര്‍, തായിനേരി, ഹാജി റോഡിലെ തറമ്മല്‍ അര്‍ജുന്‍ (30), ഭാര്യ കരിവെള്ളൂര്‍, കൂക്കാനത്തെ ടി.വി ഹെലന (27) എന്നിവരാണ് അറസ്റ്റിലായത്. പയ്യന്നൂര്‍ ഡിവൈ.എസ്പി കെ മണിയുടെ നിര്‍ദ്ദേശ പ്രകാരം പരിയാരം എസ്ഐ പി യദുകൃഷ്ണനാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
ഇന്നലെ (വ്യാഴം) ഉച്ചക്ക് ഏഴിലോട്, പുറച്ചേരിയിലാണ് കേസിനാസ്പദമായ സംഭവം. പുറച്ചേരിയിലെ സരോജിനിയുടെ ഒന്നരപ്പവന്‍ മാലയാണ് ബൈക്കിലെത്തിയ അര്‍ജുനും ഭാര്യയും പൊട്ടിച്ചോടിയതെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു സരോജിനി. വഴി ചോദിക്കാനെന്ന വ്യാജേന സരോജിനിക്കു സമീപത്തു ബൈക്ക് നിര്‍ത്തിയാണ് മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി പ്രദേശത്തെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞത്.
ഇതിനിടയില്‍ അര്‍ജുന്റെ പിതാവ് പരിയാരം പൊലീസ് സ്റ്റേഷനിലെ പരിചയക്കാരനായ ഒരു എസ് ഐയെ ഫോണ്‍ ചെയ്തിരുന്നു. ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ നിന്നു ഫോണ്‍ വിളിച്ച് മകന്റെ ഫോണിന്റെ ഇ എം ഐ അടച്ചിട്ടില്ലെന്നും ഫോണ്‍ പിടിച്ചെടുക്കുമെന്നും അറിയിച്ച കാര്യം പറയാനാണ് എസ് ഐയെ വിളിച്ചത്. സംശയം തോന്നിയ പൊലീസ് മൊബൈല്‍ ഫോണ്‍ ഷോപ്പ് കണ്ടെത്തി. അവിടെ എത്തിയപ്പോള്‍ ഏതാനും സമയം മുമ്പ് അര്‍ജ്ജുന്‍ ഇ എം ഐ അടച്ചതായി മനസ്സിലായി. സി സി ടി വിയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ കടയുടമയെ കാണിച്ച് ഇയാളാണോ പണം അടച്ചതെന്നു ചോദിച്ചു. ആണെന്നായിരുന്നു കടയുടമ മറുപടി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അര്‍ജുനും ഭാര്യയും അറസ്റ്റിലായത്.
സരോജിനിയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്ത മാലയുമായി അര്‍ജുനും ഭാര്യയും പയ്യന്നൂരിലാണ് എത്തിയത്. ഒരു ധനകാര്യ സ്ഥാപനത്തില്‍ മാല വിറ്റ് ലഭിച്ച പണവുമായാണ് അര്‍ജുന്‍ മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ പോയത്. കടബാധ്യതയാണ് മാല പൊട്ടിക്കാന്‍ ഇടയാക്കിയതെന്നു അര്‍ജുന്‍ പൊലീസിനു മൊഴി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page