നടുറോഡിൽ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ചേർത്തല വെട്ടക്കൽ സ്വദേശി ആരതി പ്രദീപാണ് (32) മരിച്ചത്. വണ്ടാനം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് ശ്യാം ജി ചന്ദ്രനും (36) മെ‍ഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ സ്‌കൂട്ടറിലെത്തിയ ആരതിയെ നടുറോഡിൽ തടഞ്ഞ് നിർത്തി ശ്യാം പെട്രോൾ ഒഴിച്ച് ശേഷം തീ കൊളുത്തുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് സംഭവം. പട്ടണക്കാട്ടെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ആരതി ഓഫീസിലേക്ക് പോകവേ പിന്നാലെയെത്തിയ ഭർത്താവ് ശ്യാം കയ്യിലുണ്ടായിരുന്ന പെട്രോൾ യുവതിയുടെ തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തീ കെടുത്താൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും ദേഹമാസകലം തീ പടർന്നിരുന്നു. 90 ശതമാനം പൊള്ളലേറ്റ ആരതി ഗുരുതരനിലയിലായിരുന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും പിരിഞ്ഞാണ് കഴിയുന്നത്. നിലവിൽ പ്രകോപനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. പട്ടണക്കാട് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page