ആലപ്പുഴ: കായംകുളത്ത് മാവേലിയുടെ മുഖത്തും ദേഹത്തും തിളച്ച എണ്ണ കോരി ഒഴിച്ചതായി പരാതി.
ഓണം നാളുകളില്‍ മാവേലിയുടെ വേഷം കെട്ടി നാട്ടില്‍ സന്തോഷാനുഭവം പകരുന്ന കലാകാരന്‍ കരുനാഗപ്പള്ളിയിലെ ചന്ദ്രബാബുവിന്റെ മുഖത്തും ദേഹത്തുമാണ് തിളപ്പിച്ച എണ്ണ കോരിയൊഴിതെന്ന് ചന്ദ്രബാബു പൊലീസില്‍ പരാതിപ്പെട്ടു.
കായംകുളം പുള്ളിക്കണയിലെ ഒരു തട്ടുകടയില്‍ നിന്ന് വൈകിട്ട് മാവേലി വേഷത്തിലെത്തിയ ചന്ദ്രബാബു അവിടെ നിന്ന് ചായയും ബജ്ജിയും കഴിച്ചു. പണവും കൊടുത്തു. അതിനുശേഷം ഓണം ആയിട്ട് മാവേലിക്കൊന്നുമില്ലേ എന്ന് കടക്കാരനോടാരാഞ്ഞു. ഇതിനെതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു.
അതിനിടയില്‍ പലഹാരമുണ്ടാക്കാന്‍ തിളപ്പിച്ചിട്ടിരുന്ന എണ്ണ കടയുടമ മനപൂര്‍വ്വം തന്റെ ദേഹത്തൊഴിച്ചുവെന്ന് ചന്ദ്രബാബു പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
എന്നാല്‍ പെട്ടിക്കടയുടമ പരാതി അപ്പാടെ നിഷേധിച്ചു. മാവേലിയുടെ വേഷം കെട്ടി വന്നു പണം ചോദിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായത് ശരിയാണ്. പലഹാരം എടുക്കുന്ന കോരിയില്‍ നിന്ന് എണ്ണ തെറിച്ചു ചന്ദ്രബാബുവിന്റെ ശരീരത്തു വീണതും ശരിയാണ്. അത് ബോധപൂര്‍വ്വമായിരുന്നില്ല. അബദ്ധത്തില്‍ സംഭവിക്കുകയായിരുന്നു- കടയുടമ പറയുന്നു. ചന്ദ്രബാബുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. അന്വേഷണം തുടരുന്നു







