തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട് 37 ഡിഗ്രി വരെയും തിരുവനന്തപുരത്തും കണ്ണൂരും 36 ഡിഗ്രി വരെയും ചൂട് ഉയരാം. ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. പകല്‍ മൂന്ന് മണിവരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
അതിനിടെ കണ്ണൂര്‍ മലപ്പട്ടത്ത് സൂര്യാഘാതമേറ്റ് പശു ചത്തു. കുപ്പം ഭഗത് സിംഗ് സ്മാരക വായനശാലക്ക് സമീപം കൃഷ്ണന്റെ മൂന്ന് വയസ്സ് പ്രായമുള്ള കറവ പശുവാണ് ചത്തത്. ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ വയലില്‍ കെട്ടിയ പശുവിനെ ഉച്ചയ്ക്ക് അഴിക്കുന്നതിന് എത്തിയപ്പോഴാണ് കുഴഞ്ഞുവീണ് ചത്ത നിലയില്‍ കണ്ടത്. വെറ്റിനറി സര്ജന് ജഡം പരിശോധന നടത്തി. സൂര്യാഘാതം ഏറ്റതാണെന്ന് സ്ഥിരീകരിച്ചു.