കാസർകോട്: കാഞ്ഞങ്ങാട് കാറിൽ രണ്ട് കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ വീതം പിഴയും. അജാനൂർ മൂലക്കണ്ടം സ്വദേശി വി. പ്രവീൺ (43), വെള്ളിക്കോത്ത് കുഞ്ഞിപ്പുരയിൽ ഹൗസിൽ പി. വൈശാഖ് എന്ന ജിത്തു (30) എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണം. 2021 ഒക്ടോബർ 10-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 2.050 കിലോഗ്രാം കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്. അന്നത്തെ ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ എ. ബാവയും സംഘവുമാണ് പ്രതികളെ പഴയ ബസ് സ്റ്റാന്റിന് സമീപം വെച്ച് പിടികൂടിയത്. അന്നത്തെ സബ് ഇൻസ്പെക്ടറായിരുന്ന കെ. ശ്രീജേഷ് ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി മുൻ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ജി. ചന്ദ്രമോഹനൻ ഹാജരായി.







