സൗദി പ്രവാസിയുടെ വീട്ടിലെ കൂട്ടക്കൊല; പെണ്‍സുഹൃത്തായ എയര്‍ ഹോസ്റ്റസ് ബന്ധത്തില്‍ നിന്ന് പിന്മാറിയത് കാരണമായെന്ന് കുറ്റപത്രം

ഉഡുപ്പി: നെജാരുവില്‍ സൗദി പ്രവാസിയുടെ ഭാര്യയും മക്കളുമടക്കം നാലുപേരെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തായ എയര്‍ ഹോസ്റ്റസ് ബന്ധത്തില്‍ നിന്ന് പിന്മാറിയതുകൊണ്ടാണെന്ന് കുറ്റപത്രം. ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി പ്രവീണ്‍ അരുണ്‍ ചൗഗാലെയും കൊല്ലപ്പെട്ട ഐനാസും അടുത്ത സുഹൃത്തുക്കളായിരുന്നു. ഐനാസ് ഇയാളില്‍ അകലം പാലിക്കാന്‍ തുടങ്ങിയതിലുള്ള പകയാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഉഡുപ്പി ജില്ലാ കോടതിയില്‍ മല്‍പെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഐനാസിനെ മാത്രം കൊലപ്പെടുത്താനായാണ് പ്രവീണ്‍ ഉഡുപ്പിയില്‍ എത്തിയത്. എന്നാല്‍, ഐനാസിനെ കൊലപ്പെടുത്തുന്നത് തടയാന്‍ മറ്റുള്ളവര്‍ ശ്രമിച്ചപ്പോള്‍ കുത്തിക്കൊല്ലുകയായിരുന്നുവെന്നും 2,250 പേജുകളുള്ള കുറ്റപത്രത്തില്‍ പറയുന്നു. 15 വാള്യങ്ങളിലായാണ് 2,250
പേജുകളുള്ള കുറ്റപത്രം. കഴിഞ്ഞ ദിവസമാണ് പൊലീസ് ഉഡുപ്പി ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2023 നവംബര്‍ 12ന് ഉഡുപ്പി മല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നെജാരു തൃപ്തി ലേഔട്ടിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. എയര്‍ ഇന്ത്യ കാബിന്‍ ജീവനക്കാരനായ പ്രവീണ്‍ അരുണ്‍ ചൗഗാലെ (39) തന്റെ സഹപ്രവര്‍ത്തകയും എയര്‍ ഇന്ത്യ വിമാനത്തില്‍ എയര്‍ ഹോസ്റ്റസുമായ ഐനാസി(21)നെയും കുടുംബത്തെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഐനാസിന്റെ ഉമ്മ ഹസീന (46), സഹോദരി അഫ്‌നാന്‍ (23), സഹോദരന്‍ അസീം (12) എന്നിവരെയും കുത്തിക്കൊന്നു. ശേഷം പ്രവീണ്‍ മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
രണ്ടു ദിവസത്തിനകം തന്നെ പ്രതി അരുണ്‍ ചൗഗാലെയെ സാംഗ്ലിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അരുണ്‍ നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. നവംബര്‍ 12ന് ഞായറാഴ്ച രാവിലെ 8.30നു ഒമ്പതിനും ഇടയിലായിരുന്നു ക്രൂരകൃത്യം.
സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ തുടങ്ങി പ്രതിക്കെതിരെ 300 തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും പൊതുജനങ്ങളുടെയും മൊഴിയും രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കാസിലിന്റെ വിചാരണ ഉടന്‍ തുടങ്ങുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page