കാസർകോട്: കറുവൽത്തടുക്ക–നാരമ്പാടി–നെക്രംപാറ പൊതുമരാമത്ത് വകുപ്പ് റോഡിന്റെയും, പൊടിപ്പ ള്ള – ബെളിഞ്ച- നാട്ടക്കല്ല് റോഡിന്റെയും ആധുനികവത്കരണത്തിനു “കുമ്പഡാജെ ജനകീയ സമിതി” നടത്തിയ നിരന്തരമായ ഇടപെടലുകൾക്ക് ഫലം ലഭിച്ചു. ഇത് സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പ് ജനകീയ സമിതിക്കുനൽകിയ ഔദ്യോഗിക മറുപടി ഇക്കാര്യം വ്യക്തമാക്കുന്നു.നാട്ടുകാരുടെ ദീർഘകാല ആവശ്യമായ ഈ റോഡിന്റെ വികസനത്തിനു ജനകീയ സമിതി മുഖ്യമന്ത്രിക്കും, പൊതുമരാമത്ത്മന്ത്രിക്കും, എം.എൽ.എ. ക്കും പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും നിവേദനങ്ങൾ നൽകുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നിരവധി തവണ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകിയ ഔദ്യോഗിക മറുപടിയിൽ, റോഡിന്റെ സമഗ്ര നവീകരണത്തിനാവശ്യമായ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചതായി അറിയിച്ചു. സർക്കാർ ഭരണാനുമതിയും സാമ്പത്തിക അംഗീകാരവും ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ തുടർനടപടികൾ ആരംഭിക്കുമെന്ന് അറിയിപ്പിൽ പറഞ്ഞു. മൂന്ന് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നതാണ്. റോഡിന്റെ ഇരുവശങ്ങളിലും പ്രാഥമിക, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നതിനാൽ ആയിരക്കണക്കിന് ആളുകളുടെ ദൈനംദിന യാത്ര ഈ റോഡിനെ ആശ്രയിച്ചാണ്.വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ നിലവിലെ ഇടുങ്ങിയ റോഡ് ഗതാഗതക്കുരുക്കിനും അപകടസാധ്യതക്കും ഇടയാക്കുന്നുവെന്ന കാര്യം ജനകീയ സമിതി അധികൃത ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. റോഡ് വീതികൂട്ടി ആധുനിക നിലവാരത്തിൽ മെക്കാഡം ടാറിംഗ് നടത്തി വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി .ജനങ്ങളുടെ പൊതുതാൽപര്യം മുൻനിർത്തി രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവർ ഒരുമിച്ച് നടത്തിയ ഇടപെടലാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് ജനകീയ സമിതി അറിയിച്ചു.പദ്ധതിക്ക് എത്രയും വേഗം ഭരണാനുമതിയും ഫണ്ടും അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ജനകീയ സമിതി സർക്കാരിനോട് അഭ്യർഥിച്ചു.







