പത്തനംതിട്ട:മധ്യവയസ്‌കനെ വീടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാസഹോദരന്‍ അറസ്റ്റില്‍.ആങ്ങമൂഴി കൊച്ചാണ്ടി കാരയ്ക്കല്‍ അജി (50)യെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ഭാര്യാസഹോദരന്‍ മഹേഷിനെ (42) മൂഴിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട് തുറന്നുനോക്കിയപ്പോഴാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. പ്രാഥമികമായി കൊലപാതക സൂചനകള്‍ ലഭിച്ചതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ വെളളിയാഴ്ച മഹേഷും അജിയും ഒന്നിച്ചു മദ്യപിച്ചതു സമീപവാസികള്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും പറയുന്നു. മഹേഷ് അജിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. പിന്നീട് നാടു വിട്ട മഹേഷിനെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത് പൊലീസ് പിടികൂടുകയായിരുന്നു.
