തൃശൂരിൽ സുരേഷ്‌ഗോപിയെ പൂട്ടാൻ വി എസ് സുനിൽകുമാർ, തിരുവനന്തപുരത്ത് പന്ന്യൻ

തിരുവനന്തപുരം: സിപിഐയുടെ ലോക്സഭാ സീറ്റുകളിൽ ധാരണയായതായി സൂചന. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി സിപിഐ രംഗത്തുവന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ പട്ടിക പുറത്തുവിടാനാണ് തീരുമാനം. നാലു സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്. രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന തൃശൂരിൽ മുൻ മന്ത്രി വി എസ് സുനിൽകുമാർ സ്ഥാനാർത്ഥിയാകും. സുരേഷ്‌ഗോപിപിയെ പൂട്ടാൻ സുനിൽകുമാറിന്റെ പോലെയുള്ള നേതാവിനെ കഴിയുകയുള്ളുവെന്നാണ് വിലയിരുത്തൽ. ശക്തമായ മത്സരം നടക്കാന്‍ സാധ്യതയുള്ള തൃശൂരില്‍ വി എസ് സുനില്‍കുമാറിനെയാണ് സാധ്യതാ പട്ടികയില്‍ സിപിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വയനാട്ടില്‍ സിപിഐ ദേശീയ നേതാവ് ആനി രാജയാണ് സാധ്യതാ പട്ടികയിലുള്ളത്. തിരുവനന്തപുരത്ത് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെയാണ് പരിഗണിക്കുന്നത്. സിപിഐയുടെ ദേശീയ നിര്‍വാഹക സമിതി അംഗവും ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഭാര്യയുമായ ആനി രാജയെ തന്നെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കി ശക്തമായ മത്സരത്തിന് സിപിഐ ഒരുങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്. രാഹുൽ ഗാന്ധി തന്നെ മത്സരിച്ചാലും അതിശക്തമായ വെല്ലുവിളി ഉയർത്താൻ ആനി രാജക്ക് കഴിയും എന്നാണ് സിപിഐ കണക്കുകൂട്ടൽ.
തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെ നിർത്തുക വഴി ശശി തരൂരിനെ വിറപ്പിക്കാൻ കഴിയുമെന്നാണ് നേതാക്കൾ പറയുന്നത്. മാത്രമല്ല, പന്ന്യൻ ഒരുതവണ തിരുവനന്തപുരത്ത് തന്നെ വിജയിച്ചിട്ടുമുണ്ട്. ഇതാകും കൂടി കണക്കിലെടുത്താണ് സാധ്യതാ പട്ടിക തയ്യാറാക്കിയത്.
മാവേലിക്കരയിൽ എഐവൈഎഫ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റായിരുന്ന സിഎ അരുണ്‍ കുമാറിനെയാണ് പരിഗണിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം യുവാക്കള്‍ക്ക് കൂടി പരിഗണന നൽകിയാണ് മാവേലിക്കരയിൽ അരുൺ കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് സിപിഐ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് സാധ്യതപ്പട്ടിക പെട്ടന്ന് തയ്യാറാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page