യുവാവിന്റെ നിരന്തരമായ ശല്യം സഹിക്കാനാകാതെ സ്‌കൂള്‍ വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം; പ്രതിക്ക് ഒത്താശ ചെയ്തവരും കുടുങ്ങും

കാസര്‍കോട്: യുവാവിന്റെ നിരന്തരം ശല്യം സഹിക്കാനാകാതെ സ്‌കൂള്‍ വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിയായ അന്‍വറി(24)ന് ഒത്താശ നല്‍കിയ രണ്ടുയുവാക്കള്‍ പൊലീസ് നിരീക്ഷണത്തില്‍. പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നതിന് രണ്ടു യുവാക്കള്‍ അന്‍വറിന് ഒത്താശ നല്‍കിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിയിരുന്നു. കേസിലെ പ്രതി അന്‍വര്‍ ഇപ്പോള്‍ റിമാന്റിലാണ്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ വീട്ടിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. പിതാവിനെ യുവാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പെണ്‍കുട്ടി വിഷം കഴിച്ചത്. ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ഒളിവില്‍ പോയ അന്‍വറിനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി. തുടര്‍ന്ന് ബദിയടുക്ക പൊലിസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോടതി അന്‍വറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്‍വര്‍ സമൂഹമാധ്യമം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഈ വിവരമറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതോടെ പെണ്‍കുട്ടി അന്‍വറിനോട് തന്നെ ഇനി വിളിക്കരുതെന്നു പറഞ്ഞ് ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ അന്‍വര്‍ പിന്തുടര്‍ന്ന് വീണ്ടും ശല്യം ചെയ്തു. വീട്ടിലെത്തിയ പെണ്‍കുട്ടി പിന്നീട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page