കാസർകോട്: മഞ്ചേശ്വരത്ത് റവന്യൂ ടവർനിർമിക്കുമെന്നും കാസർകോട് ജില്ലയിലെ ഗ്രൂപ്പ് വില്ലേജ് ഓഫീസുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാനത്തെ റവന്യൂ വകുപ്പിന്റെ ആദ്യത്തെ ജില്ലാതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
റവന്യൂ വകുപ്പിന്റെ മുഖമായി കാണുന്ന വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കും. മാതൃകാ പൊലീസ് സ്റ്റേഷൻ പോലെ പ്രാധാന്യമുള്ളതാണ് വില്ലേജ് ഓഫീസുകളും. അതിനാൽ വില്ലേജ് ഓഫീസ് ജനസൗഹൃദം ആക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട രണ്ടര ലക്ഷം അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 25000 അപേക്ഷകൾ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി തീർപ്പാക്കും. സംസ്ഥാനത്ത് നൂറു ദിവസത്തിനകം 5000 പട്ടയങ്ങൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടികവർഗ്ഗം. മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് ഭൂമിയിൽ പട്ടയം നൽകുന്നതിന് ഈ വർഷം പ്രധാന പരിഗണന നൽകും. എല്ലാ ഒഴിവുകളും പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. റവന്യു സെകട്ടറി കെ ജീവൻ ബാബു അധ്യക്ഷത വഹിച്ചു. ലാൻഡ് റവന്യു കമ്മീഷണർ എച്ച് ദിനേശൻ, സർവ്വെ ഡയറക്ടർ ജെ. അരുൺ സംസാരിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ പി.കെ. ജയശ്രീ എ ഡി എം പി ഉദയകുമാർ ഡപ്യൂട്ടി കളക്ടർമാർ തഹസിൽദാർമാർ ഡപ്യൂട്ടി തഹസിൽദാർമാർ ജൂനിയർ സൂപ്രണ്ടുമാർ സർവേ ഉദ്യോഗസ്ഥർ പങ്കെടുത്തു.







