കാസര്‍കോട്: നാട്ടുകാര്‍ ഉറക്കമൊഴിച്ചിരുന്നത് വെറുതെയായില്ല. ഇരുചക്രവാഹനങ്ങളില്‍ ഹോട്ടല്‍ മാലിന്യം തള്ളാന്‍ എത്തിയവരെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ബുധനാഴ്ച രാത്രി 10.30 മണിയോടെ ഐ.എം.എ ഹാളിനു സമീപത്താണ് സംഭവം. ഹോട്ടല്‍ മാലിന്യങ്ങളുമായി എത്തിയവരെ നാട്ടുകാര്‍ കാത്തിരുന്നു പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. സബ് ഇന്‍സ്പെക്ടര്‍ സാജു തോമസും സംഘവും സ്ഥലത്തെത്തി മാലിന്യം തള്ളാന്‍ എത്തിയവരെയും വാഹനവും കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ കാഞ്ഞങ്ങാട്ട് ഷവര്‍മ്മ കട നടത്തുന്ന പാറപ്പള്ളി, കാട്ടിപ്പാറയിലെ എം.ഇബ്രാഹിം, പാണത്തൂര്‍, ചാമുണ്ഡിക്കുന്നിലെ കെ.എം.സത്താര്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. മാസങ്ങളായി ആനന്ദാശ്രമം മില്‍ മുതല്‍ നെല്ലിത്തറ കോട്ടപ്പാറ വരെയുള്ള മാലിന്യം തള്ളുന്നത് പതിവാണ്. ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ സംഘടിതരായി ഉറക്കമൊഴിച്ച് കാത്തുനിന്നതോടെയാണ് മാലിന്യം തള്ളിയവരെ പിടികൂടിയത്.