കുമ്പള :മാസങ്ങൾക്കു മുമ്പ് നടന്ന വാഹനാപകടത്തെ തുടർന്ന് ഒടിഞ്ഞും, ചെരിഞ്ഞും നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കാത്തത് നടയാത്രക്കാരെ ഭീതിപ്പെടുത്തുന്നു. മൊഗ്രാൽപുത്തൂർ ചൗക്കി ദേശീയപാത സർവീസ് റോഡിലാണ് വൈദ്യുതി പോസ്റ്റ് അപകടഭീഷണിയിലുള്ളത്.
മാസങ്ങൾക്കു മുമ്പ് ബസ്സും,ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതെന്നു പറയുന്നു.മാസങ്ങൾ കഴിഞ്ഞിട്ടും ഇത് നന്നാക്കാൻ നടപടികൾ ഉണ്ടായിട്ടില്ല. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്. കാലവർഷത്തിൽ വലിയ കാറ്റും, മഴയുമൊക്കെ വൈദ്യുതി പോസ്റ്റ് അതിജീവിച്ചതിലുള്ള ആശ്വാസത്തിലാണ് ഇപ്പോൾ നാട്ടുകാർ. എങ്കിലും ഏത് സമയത്തും അപകടസാധ്യത നാട്ടുകാർ മുൻകൂട്ടി കാണുന്നു.എത്രയും പെട്ടെന്ന് വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്നു യാത്രക്കാരും ,നാട്ടുകാരും ആവശ്യപ്പെടുന്നു .







