ബദിയഡുക്ക: ഡോട്കറും ജീവനക്കാരുമില്ലെങ്കിലെന്ത്? ബദിയഡുക്ക ഗവ. ആശുപത്രിയില്‍ സ്ഥിതി വിവരങ്ങള്‍ അന്വേഷിക്കാന്‍ തെരുവു നായ്ക്കളുണ്ട്.
ഘട്ടംഘട്ടമായി കോടിയോളം രൂപ ചെലവഴിച്ചു നിര്‍മ്മിച്ച ആശുപത്രിക്കുള്ളില്‍ തെരുവുനായ്ക്കള്‍ യഥേഷ്ടം ചുറ്റിയടിക്കുന്നു. നായയെ ചെറുക്കാന്‍ ശ്രമിക്കുന്നവരെ കടിച്ചു പറിക്കാനും ഉഷാറുള്ള നായ്ക്കളാണ് ആശുപത്രിക്കുള്ളില്‍ കറങ്ങി നടക്കുന്നതെന്നു പറയുന്നു. ഇവയ്ക്ക് ഏതു സമയവും കയറി നടക്കാന്‍ ആശുപത്രിയുടെ പ്രധാനവാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു രോഗികള്‍ പറയുന്നു.

എന്നാല്‍ ഡോക്ടറുടെ പരിശോധനാ മുറി ഇന്നലെ ഉച്ചയ്ക്ക് ഒന്നരക്കു പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നെന്നു രോഗികള്‍ പറയുന്നു. എങ്കിലെന്ത് കറണ്ടിനു വലിയ ബുദ്ധിമുണ്ടെന്നു സര്‍ക്കാരും കറണ്ടു ക്ഷാമമുണ്ടാക്കി ജനങ്ങളെ ദ്രോഹിക്കുകയാണെന്നു പ്രതിപക്ഷവും പറയുന്ന നാട്ടില്‍ ഇതേ മുറിയില്‍ ഫാന്‍ കറങ്ങിക്കളിക്കുയായിരുന്നു. ലൈറ്റ് കത്തി കിടന്നു.
മേലധികാരികള്‍ തന്നെ ഇത്തരത്തിലായാല്‍ സ്ഥാപനത്തിന്റെ അവസ്ഥ ഇതില്‍പ്പരം മറ്റെന്താവാനാണെന്ന് നിസ്സഹായരായ രോഗികള്‍ പരസ്പരം നോക്കി ചോദിക്കുന്നു. അധികൃതരുടെ അശ്രദ്ധയും ഉദാസീനതയും മാതൃകാ പരമായി പ്രവര്‍ത്തിക്കേണ്ട ഗവ. ആശുപത്രിയെ ഈ കോലത്തിലെത്തിക്കുന്നതില്‍ രോഗമില്ലാത്തവര്‍ക്കൊന്നും ആവലാതി ഇല്ല. പണമുള്ളവര്‍ രോഗം വന്നാല്‍ സ്വകാര്യാശുപത്രികളെ ആശ്രയിക്കുന്നതുകൊണ്ട് പണമില്ലാത്തവര്‍ക്കു ഇതില്‍ക്കൂടുതല്‍ എന്തു പരിചരണമാണ് ഗവ. ആശുപത്രിയില്‍ വേണ്ടതെന്നാണ് അധികൃത മനോഭാവമെന്നു രോഗികള്‍ പറയുന്നു.







