ശസ്ത്രക്രിയ കഴിഞ്ഞ ഭാര്യക്ക് കൂട്ടിരിപ്പിനായെത്തിയ ഭര്‍ത്താവ് ആശുപത്രിയില്‍ ഹൃദയാഘാതം മൂലം മരിച്ചു; മരണ വിവരം അറിയാതെ ഭാര്യ ആശുപത്രിയില്‍

കാസര്‍കോട്: ചികില്‍സയില്‍ കഴിയുന്ന ഭാര്യക്ക് കൂട്ടിനെത്തിയ ഭാര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു. മാവുങ്കാലിലെ ഓട്ടോ ഡ്രൈവര്‍ പുതിയകണ്ടം സ്വദേശി അസീസ് (58)ആണ് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്തരിച്ചത്. ഹൃദയ വാല്‍വ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവില്‍ കഴിയുകയായിരുന്നു ഭാര്യ സുബൈദ. ഇവര്‍ക്ക് കൂട്ടായി ഐ.സി.യുവിന് പുറത്ത് നില്‍ക്കുകയായിരുന്നു അസീസ്. അതിനിടെ ഇന്നലെ രാവിലെ ആശുപത്രിയില്‍
വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടനെ കാര്‍ഡിയാക് ഐ.സി.യുവിലെത്തിച്ചിരുന്നു. ഉച്ചയോടെ മരണപ്പെട്ടു. മൃതദേഹം മാവുങ്കാല്‍ ടൗണിലും തുടര്‍ന്ന്, പുതിയകണ്ടം വന്ദേമാതരം സ്റ്റോപിനടുത്തുള്ള വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു. പാറപ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു. അതേസമയം അസീസിന്റെ മരണവിവരം അറിയാതെ ഭാര്യ ഐ.സി.യുവില്‍ തന്നെയാണ്. മക്കള്‍: ഖൈറുന്നീസ, നസീബ്. മരുമക്കള്‍: ബഷീര്‍, ഷംസീന. സഹോദരങ്ങള്‍: കരീം, ഖദീജ. പരേതനായ ബഷീര്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page