വിവാഹ ശേഷവും മുന്‍ പ്രണയം വിട്ടില്ല; പിന്‍മാറാതിരുന്ന 17 കാരിയെ പിതാവ് ചുട്ടുകൊന്നു; സംഭവം പുറംലോകമറിയുന്നത് ആറുമാസം കഴിഞ്ഞ്

വിവാഹം ചെയ്തയച്ചിട്ടും പ്രണയബന്ധത്തില്‍നിന്ന് പിന്‍മാറാതിരുന്ന മകളെ അച്ഛന്‍ കൊന്ന് മൃതദേഹം കത്തിച്ചു. കോലാറിലെ മുളബാഗലിലുള്ള മുസ്തൂരു ഗ്രാമത്തില്‍ കഴിഞ്ഞ മേയില്‍ നടന്ന സംഭവം പുറംലോകമറിയുന്നത് ഇപ്പോഴാണ്. 17-കാരിയെ കാണാതായെന്ന കേസ് അന്വേഷിച്ച നംഗലി പൊലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ മുസ്തൂരു സ്വദേശി രവിയെ (54) അറസ്റ്റ് ചെയ്തു. ഒന്നാംവര്‍ഷ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ അര്‍ച്ചിതയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ യുവാവുമായി അര്‍ച്ചിത പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധത്തെ പിതാവ് രവി എതിര്‍ത്തു. ബന്ധം ഒഴിവാക്കാനായി മകളെ മറ്റൊരു യുവാവിന് വിവാഹംചെയ്തുകൊടുക്കുകയും ചെയ്തു. പക്ഷേ, മകള്‍ ഭര്‍തൃവീട്ടില്‍ നില്‍ക്കാന്‍ കൂട്ടാക്കിയില്ല. കൂടാതെ അര്‍ച്ചിത ആദ്യബന്ധം ഫോണ്‍ വഴി തുടരുകയും ചെയ്തു.
ഇത് മനസ്സിലാക്കിയ ഭര്‍ത്താവ് രവിയെ വിളിച്ചുവരുത്തി മകളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. രോഷാകുലനായ രവി മകളെ തന്റെ ഫാംഹൗസില്‍ കൂട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാനായി മൃതദേഹം കത്തിച്ചു. പിന്നീട് മകളെ കാണാതായതായി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതില്‍ അന്വേഷണം നടത്തുന്നതിനിടെ പൊലീസിന് ആരോ അയച്ച കത്തിലെ വിവരങ്ങളില്‍നിന്നാണ് കൊലക്കേസിന് തുമ്പുണ്ടാക്കാനായത്. മൃതദേഹം കത്തിച്ച സ്ഥലത്തെത്തി പൊലീസ് തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന് പുറമെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച കുറ്റവും രവിയുടെ പേരില്‍ ചുമത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page