നവകേരള സദസ്സില്‍ പരാതി നല്‍കി; കൈവിട്ടുപോയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഇനി അനീസിന് സ്വന്തം

കാസര്‍കോട്: നഷ്ടപ്പെട്ടു എന്ന് കരുതിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞ സന്തോഷത്തിലും കടപ്പാടിലുമാണ് വിദ്യാനഗര്‍ സ്വദേശി അനീസ് റഹ്‌മാന്‍. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1999 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു അനീസ്. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ ഫോട്ടോ ഇളകി നശിച്ചതിനെ തുടര്‍ന്ന് 2012 ലാണ് അനീസ് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. ആറ് മാസം വരെ സ്‌കൂളില്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് വന്നിരുന്നില്ല. പിന്നീട് ജോലി ആവശ്യത്തിന് വിദേശത്ത് പോയ ഘട്ടത്തിലായിരുന്നു ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് സ്‌കൂളിലെത്തിയത്. സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്തതിനാല്‍ പരീക്ഷാ ഭവനിലേക്ക് തന്നെ മടങ്ങിയിരുന്നു. തുടര്‍ന്ന് പരീക്ഷഭവനില്‍ അന്വേഷിച്ചപ്പോള്‍ ട്രിപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണമെന്നായിരുന്നു മറുപടി. അങ്ങനെയാണ് നവംബര്‍ 19 ന് നായന്‍മാര്‍മൂലയില്‍ നടന്ന കാസര്‍കോട് നിയോജക മണ്ഡലം നവകേരള സദസ്സില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് അനീസ് നിവേദനം നല്‍കിയത്. അനീസിന്റെ നിവേദനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഇടപെട്ടു. അനീസിന് അനുവദിച്ച എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൈമാറി. എ.ഡി.എം കെ.നവീന്‍ ബാബു, കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.നന്ദികേശന്‍, അഡ്മിനിസ്‌ടേറ്റീവ് അസിസ്റ്റന്റ് ബി.സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page