ചെറുവത്തൂര്‍: വടക്കേ മലബാറിലെ തീയ്യ സമുദായ കഴകങ്ങളില്‍ പ്രധാനമായ നെല്ലിക്കാ തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ പാട്ടുത്സവം 24 മുതല്‍ ഡിസംബര്‍ നാല് വരെയുള്ള 11 ദിവസങ്ങളില്‍ വിവിധങ്ങളായ പരിപാടികളോടെ നടക്കും. തിങ്കളാഴ്ച പയ്യന്നൂര്‍ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ നിന്നും വാദ്യമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഭക്ത്യാദരപൂര്‍വ്വം തൊഴുതുവരവ് നടക്കും. 24 ന് പുലര്‍ച്ചെ കുട്ടമ്മത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോടെ പാട്ടുത്സവത്തിന് തുടക്കമാകും. വൈകുന്നേരം ആറര മണിക്ക് കാര്‍ത്തികദീപം. തുടര്‍ന്ന് ഭക്തിഗാനാമൃതം. 25 ന് വൈകുന്നേരം കാടങ്കോട് കുഞ്ഞികൃഷ്ണന്‍ പണിക്കരുടെ ആധ്യാത്മിക പ്രഭാഷണം. ഡിസംബര്‍ നാലിന് വൈകുന്നേരം പാട്ടുത്സവത്തിന് സമാപനം കുറിച്ച് കളത്തിലരിയിടല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് തേങ്ങയേറോട് കൂടി ഈ വര്‍ഷത്തെ പാട്ടുത്സവം സമാപിക്കും. സമാപന ദിവസം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്ന മുഴുവന്‍ ഭക്തര്‍ക്കും അന്നദാനം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ കഴകം ജനറല്‍ സെക്രട്ടറി കെ. ശശാങ്കന്‍, ശശിധരന്‍ അച്ചാംതുരുത്തി, കെ. പി കുഞ്ഞിരാമന്‍, വിനോദന്‍ തുരുത്തി എന്നിവര്‍ പങ്കെടുത്തു.







