കണ്ണൂരില്‍ ജലവൈദ്യുതി നിലയം തകര്‍ക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി; കാവല്‍ ശക്തമാക്കി പൊലീസ്; ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കെ.എസ്.ഇ.ബി ഉടമസ്ഥതയിലുളള ജലവൈദ്യുത പദ്ധതി തകര്‍ക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. കണ്ണൂര്‍ ജില്ലയിലെ ഏകവൈദ്യുതി നിലയമാണ് ഇരിട്ടി അയ്യന്‍കുന്നിലെ ബാരാപോള്‍. വയനാട്ടില്‍ നിന്നും നേരത്തെ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകരില്‍ നിന്നാണ് ബാരാപോള്‍ പദ്ധതി തകര്‍ക്കുന്നതിനെ കുറിച്ചു പദ്ധതിയിട്ടതായുളള വിവരം പൊലിസിന് ലഭിച്ചത്. ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് അയ്യന്‍കുന്നില്‍ സ്ഥിരം സാന്നിധ്യമായ മാവോയിസ്റ്റുകളെകുറിച്ചുളള വിവരങ്ങള്‍ ലഭിച്ചത്. ബാരാപോള്‍ തര്‍ക്കപ്പെടുകയാണെങ്കില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടംതന്നെയുണ്ടാകും. അതുകൊണ്ടു തന്നെ മാസങ്ങള്‍ക്ക് മുന്‍പ് ബാരാപോള്‍ പദ്ധതി പ്രദേശത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതുകൂടാതെ സന്ദര്‍ശകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തണ്ടര്‍ ബോള്‍ട്ട് സുരക്ഷയും ബാരാപോളിലുണ്ട്. പ്രവേശനകവാടത്തില്‍ സുരക്ഷയുടെ ഭാഗമായി 21- നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിട്ടുളളത്. നേരത്തെ നിലമ്പൂരില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജനെയും അജിതയെയും വെടിവെച്ചു കൊന്നതിന് പ്രതികാരമായി ബാരാപോള്‍ തകര്‍ക്കുമെന്ന് മാവോയിസ്റ്റുകള്‍ അമ്പായത്തോട്ടില്‍ പതിച്ച പോസ്റ്ററുകളില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതുസംഭവിക്കാന്‍ സാധ്യതയുണ്ടെന്ന പൊലിസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി ജിജി തോംസണ്‍, കണ്ണൂര്‍ റൂറല്‍ എസ്.പി ഹേമലത, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ. എസ്.പി പി.വേണുഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ബാരാപോളില്‍ പരിശോധനയ്ക്കെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page