മറിയക്കുട്ടിയുടെ പെന്‍ഷന്‍ കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കണം; പണമില്ലായെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങള്‍ മുടക്കുന്നുണ്ടോ? സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം നാളെ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി പറഞ്ഞു. പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ലെങ്കില്‍ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. മറ്റ് കാര്യങ്ങള്‍ക്ക് പണം ചെലവാക്കാന്‍ സര്‍ക്കാരിനുണ്ട്. പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റേയും ആഹാരത്തിന്റേയും ചെലവെങ്കിലും കൊടുക്കൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അഞ്ച് മാസമായി വിധവാപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. അതേസമയം മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാലാണ് നാല് മാസത്തെ പെന്‍ഷന്‍ മുടങ്ങിയിരിക്കുന്നതെന്നുമാണ് കോടതിയെ ധരിപ്പിച്ചത്. കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. കേന്ദ്രസര്‍ക്കാര്‍ വിഹിതം എന്തുകൊണ്ട് നല്‍കിയില്ലെന്ന് നാളെ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.
മറിയക്കുട്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ വൈകാരികമായാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രതികരിച്ചത്. 78 വയസുള്ള സ്ത്രീയാണ്. അവര്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപക്ക് വേണ്ടി നിങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു. താമസിക്കാന്‍ സ്വന്തമായൊരു വീടുപോലും ഇല്ലെന്ന് മറിയക്കുട്ടി കോടതിയെ അറിയിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page