തിരുവനന്തപുരത്ത് പൊതുദര്‍ശനം; കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ, ഇന്നത്തെ നവകേരള സദസ് പൂര്‍ണ്ണമായും ഒഴിവാക്കി

കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ജഗതിയിലെ വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയോടെ റോഡ് മാര്‍ഗം വിലാപ യാത്രയായി കോട്ടയത്ത് എത്തിക്കും. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വാഴൂരിലെ വീട്ടില്‍ എത്തിക്കും. നാളെ രാവിലെ 11 മണിക്ക് ആണ് സംസ്‌കാര ചടങ്ങുകള്‍. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ഇന്നത്തെ നവകേരള സദസ് പൂര്‍ണ്ണമായും ഒഴിവാക്കി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നാളെ ഉച്ചയോടെ നവകേരള സദസ്സ് പുനരാരംഭിക്കും.
ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.
വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ രാഷ്ട്രീയ പ്രവേശനം. തന്റെ പത്തൊന്‍പതാം വയസില്‍ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവര്‍ത്തന മികവിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. 21-ാം വയസിലാണ് കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ എത്തുന്നത്. സി കെ ചന്ദ്രപ്പന്റെ ഒഴിവിലാണ് കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തല്‍ ശക്തിയായി കാനം പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page