കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം; ഒരു നോക്ക് കാണാന്‍ പട്ടത്തെ ആസ്ഥാനത്തെത്തിയത് ആയിരങ്ങള്‍; സംസ്‌കാരം നാളെ വാഴൂരില്‍

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം. കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് രാവിലെ മൃതദേഹം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തില്‍ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും പ്രിയ സഖാവിന് അഭിവാദ്യം അര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കാനം രാജേന്ദ്രന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. പൊതുദര്‍ശനത്തിനിടെ പൊട്ടിക്കരഞ്ഞ ഡി രാജയെ എ കെ ആന്റണി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നവകേരളസദസിനിടെ ആശുപത്രിയിലെത്തി ഇന്നലെ തന്നെ കാനം രാജേന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. അപ്രതീക്ഷിതമായ ഈ വിടവാങ്ങലില്‍ വിതുമ്പിനില്‍ക്കുകയാണ് രാഷ്ട്രീയകേരളം ഒന്നാകെ. സിപിഐ ഓഫീസായ പട്ടത്തെ പിഎസ് സ്മാരകത്തില്‍ രണ്ടര വരെ കാനത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. പ്രിയനേതാവ് കാനം രാജേന്ദ്രനെ അവസാനമായി ഒരു നോക്ക് കാണാന്‍ പട്ടത്തെ ആസ്ഥാനത്തെത്തിയത് ആയിരങ്ങള്‍. രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പല പ്രമുഖരും കാനത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെത്തി. പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പി എസ് സ്മാരകത്തിലെത്തി. സിപിഐ നേതാക്കളായ പ്രകാശ് ബാബു, പന്ന്യന്‍ രവീന്ദ്രന്‍, പി.സന്തോഷ് കുമാര്‍ എംപി, പി.പി.സുനീര്‍, ബിനോയ് വിശ്വം, കെ.ഇ.ഇസ്മയില്‍, കെ.പി രാജേന്ദ്രന്‍, മന്ത്രിമാരായ കെ.രാജന്‍, ജി.ആര്‍.അനില്‍, ചിഞ്ചുറാണി, പി.പ്രസാദ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ കാനത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കെ.കെ.ശൈലജ, പി.കെ.ശ്രീമതി, എം.വിജയകുമാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രണ്ടരയ്ക്ക് മൃതദേഹം കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോയി. 4.40ന് കൊല്ലം കൊട്ടാരക്കരയിലെത്തും. അടൂരില്‍ 5.45ന്. ചെങ്ങന്നൂരില്‍ 6.45ന്. ചങ്ങനാശേരിയില്‍ 8ന്. രാത്രി 9 മണിക്ക് സിപിഐയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. രാത്രി 11 മണിക്ക് കോട്ടയത്തെ വീട്ടിലെത്തിക്കും. ഞായറാഴ്ച രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്‌കാരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടാണ് കാനം രാജേന്ദ്രന്‍ അന്തരിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ വ്യക്തതെയും കൃത്യതയുമുള്ള ശബ്ദമായിരുന്നു കാനത്തിന്റേതെന്ന് പല പ്രമുഖനേതാക്കളും പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page