മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു; അതീവജാഗ്രതയില്‍ സംസ്ഥാനം; വിമാനത്താവളം അടച്ചു

മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു. നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കര തൊട്ടത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആന്ധ്രാതീരം ലക്ഷ്യമാക്കി എത്തിയത്. തീരത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. ആറടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ ബപതലാ തീരത്ത് കൂടിയാണ് കാറ്റിന്റെ സഞ്ചാരം. ഇതോടെ തിരുപ്പതി, നെല്ലൂര്‍, ബാപ്തല അടക്കം 8 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നുമണിക്കൂറിനുള്ളില്‍ പൂര്‍ണമായും തീവ്ര ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം തിങ്കളാഴ്ച രാവിലെ മുതല്‍ പെയ്യുന്ന മഴയെതുടര്‍ന്ന് നെല്ലൂര്‍, മെച്ചിലിപട്ടണം എന്നീ നഗരങ്ങള്‍ വെള്ളത്തിനടിയിലാണ്. 20 മണിക്കൂറായി ചിന്നഗഞ്ചാമില്‍ വൈദ്യുതി ഇല്ല. ഗോബര്‍ബാം, പാപനാശം, കലങ്ങി അണക്കെട്ടുകള്‍ തുറന്ന് വിട്ടു. ആയിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. കൂടാതെ വിജയവാഡ, തിരുപ്പതി വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ വൈകുകയാണ്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപ്തല, കൃഷ്ണ, പടിഞ്ഞാറന്‍ ഗോദാവരി, കൊണസീമ, കാക്കിനാഡ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും ഇന്‍ഡിഗോ റദ്ദാക്കി. മൂന്ന് വിമാനത്താവളങ്ങളിലെ 51 സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഇത് കൂടാതെ നൂറോളം ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. ദുരിതാശ്വാസത്തിനായി എല്ലാ വകുപ്പുകളിലെയും എല്ലാ ഉദ്യോഗസ്ഥരോടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 211 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയത്. ഈ ക്യാമ്പുകളില്‍ 9500 പേരാണുള്ളത്. സംഭരണശേഷി പൂര്‍ണ്ണമായതോടെ ചെന്നൈക്ക് ചുറ്റുമുള്ള 6 ഡാമുകള്‍ ഇന്നലെ തുറന്നു വിട്ടിരുന്നു. അതിനാല്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പോലീസുകാരനടക്കം 6 പേര്‍ക്ക് ഇന്നലെ ഉണ്ടായ പ്രളയത്തില്‍ ജീവന്‍ നഷ്ടമായി. കില്‍പോക്കില്‍ രുക്മനാഥന്‍ എന്ന കോണ്‍സ്റ്റബിളാണ് മരിച്ചത്. കൂടാതെ നിവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ വൈദ്യുതി ബന്ധം വൈകിട്ടോടെ ഭാഗികമായെങ്കിലും പുനസ്ഥാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page