കാസര്‍കോട്: കാസര്‍കോട്- മംഗ്‌ളൂരു ദേശീയപാതയിലെ ഷിറിയയില്‍ വീണ്ടും വാഹനാപകടം. ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡിനു കുറുകെ മറിഞ്ഞു. വാഹനത്തില്‍ ഉണ്ടായിരുന്ന ഉള്ളാള്‍ സ്വദേശികളായ സമദ് (30), അത്തിഷ് (21) എന്നിവര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് (തിങ്കള്‍) രാവിലെ ഒന്‍പതര മണിയോടെയാണ് അപകടം. മംഗ്‌ളൂരുവില്‍ നിന്നു കുമ്പളയിലേയ്ക്ക് പഴങ്ങളുമായി വരികയായിരുന്നു പിക്കപ്പ് വാന്‍. അപകടത്തില്‍പ്പെട്ട വാഹനത്തെ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് നീക്കി. ശനിയാഴ്ച രാത്രി ഷിറിയയില്‍ ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ മംഗ്‌ളൂരു സ്വദേശിക്ക് സാരമായി പരിക്കേറ്റിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ദേശീയ പാതയുടെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം.







