കാസര്‍കോട്: കൂലിപ്പണിക്കാരുടെ വേഷം കെട്ടി എത്തിയ പൊലീസ് സംഘം കുലുക്കിക്കുത്ത് ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന ആറു പേരെ പിടികൂടി. ഏതാനും പേര്‍ ഓടി രക്ഷപ്പെട്ടു. കളിക്കളത്തില്‍ നിന്നു 2290 രൂപ പിടികൂടി.
നാരമ്പാടി, നെല്ലിയടുക്കം ബസ് വെയ്റ്റിംഗ് ഷെഡിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. അവധിദിവസമായ ഞായറാഴ്ച വൈകുന്നേരം സ്ഥലത്ത് കുലുക്കിക്കുത്ത് ചൂതാട്ടം നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് ബദിയഡുക്ക എസ്‌ഐ സുനില്‍ കുമാറും സംഘവും കൂലിപ്പണിക്കാരുടെ വേഷം കെട്ടിയാണ് സ്ഥലത്ത് എത്തിയത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ജാഗ്രത കാണിച്ച പൊലീസ് സംഘം ഓരോരുത്തരായി കളിക്കാർക്കിടയിലേക്ക് നുഴഞ്ഞു കയറി. കളി മുറുകിയതോടെ പൊലീസ് സംഘം കളിക്കളത്തിലേക്ക് ചാടി വീണു കളത്തിലുണ്ടായിരുന്ന പണവുമായി അഞ്ചുപേരെ കയ്യോടെ പിടികൂടുകയായിരുന്നു. പെര്‍ള, ബഡാജെയിലെ ദിനേശ് (40), കുംബഡാജെ, ബെള്ളപ്പദവിലെ നവീന്‍ പ്രകാശ് (50), ജയേഷ് (36), നാരമ്പാടി, നെല്ലിയടുക്കത്തെ സതീശ് (31), ഉവൈസ് (21), ബെള്ളൂരിലെ കൃഷ്ണ (25) എന്നിവരാണ് പിടിയിലായത്.
പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുല്‍, അനീഷ് വര്‍ഗീസ്, രതീഷ്, ധനേഷ്, ഉണ്ണികൃഷ്ണന്‍, രജീഷ്, ശ്രീനേഷ് എന്നിവരും ഉണ്ടായിരുന്നു.







