അപകട പരമ്പര: ദേശീയപാതയില്‍ ഇനി മുഴുവന്‍ സമയ നിരീക്ഷണത്തിനു ഗതാഗത വകുപ്പ്

കാസര്‍കോട്: വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ദേശീയപാതയില്‍ 24 മണിക്കൂറും എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനവുമായി സംസ്ഥാന ഗതാഗത വകുപ്പ്.
ദേശീയപാതയില്‍ ഏകദേശം നൂറ് കിലോമീറ്റര്‍ വീതമുള്ള ആറ് എന്‍ഫോഴ്‌സ്‌മെന്റ് സോണുകളായി തിരിച്ച് പ്രത്യേക സംഘങ്ങളെ ഡ്യൂട്ടിക്ക് നിയോഗിക്കും. പകല്‍, വൈകിട്ട്, രാത്രി എന്നിങ്ങനെ ഡ്യൂട്ടി വിഭജിച്ചു നല്‍കി എംവിഐമാരെയും എഎംവിഐമാരെയും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിക്കും.
തിരുവനന്തപുരം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ കീഴില്‍ രണ്ട് സോണുകളിലായി 200 കിലോമീറ്ററും, തൃശൂര്‍ സെന്‍ട്രല്‍ സോണിന് 100 കിലോമീറ്ററും, എറണാകുളം സെന്‍ട്രല്‍ സോണിന് 100 കിലോമീറ്ററും, കോഴിക്കോട് നോര്‍ത്ത് സോണിന് രണ്ട് സോണുകളിലായി 200 കിലോമീറ്ററും വരുന്ന രീതിയിലാണ് ജോലി വിഭജനം.
അമിത വേഗം, അപകടകരമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനമോടിക്കല്‍, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്-ഹെല്‍മറ്റ് നിയമലംഘനം എന്നിവയ്‌ക്കെതിരെ കര്‍ശന പരിശോധന ഉണ്ടാകും. ഒപ്പം അമിത ഭാരം കയറ്റിയ ചരക്ക് വാഹനങ്ങള്‍, വാഹനങ്ങളുടെ അനധികൃത രൂപമാറ്റങ്ങള്‍, ഫിറ്റ്‌നസ്-പെര്‍മിറ്റ് ഇന്‍ഷുറന്‍സ് നികുതി എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും.
നിശ്ചിത സ്ഥലത്ത് ദീര്‍ഘനേരം പരിശോധന നടത്തുന്നതിന് പകരം ഹൈവേയില്‍ തുടര്‍ച്ചയായി സഞ്ചരിച്ചും വിവിധ സ്ഥലങ്ങളില്‍ റാന്‍ഡം പരിശോധന നടത്തിയും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന ശക്തമാക്കും. മിന്നല്‍ പരിശോധനകളും പോലീസിനൊപ്പം സംയുക്ത പരിശോധനയും നടത്തും. ഇതിനായി ദേശീയപാത അതോറിറ്റിയുടെ ക്യാമറ ദൃശ്യങ്ങളും പ്രയോജനപ്പെടുത്തും.
ദേശീയപാതയില്‍ വലിയ അപകടങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ സ്ഥലത്തെത്തുക, തകരാറിലായതോ, ഗതാഗത തടസ്സമുണ്ടാക്കുന്നതോ ആയ വാഹനങ്ങള്‍ ദേശീയപാതയില്‍ നിന്ന് നീക്കുക, അപകട സാധ്യതയേറിയ സ്ഥലങ്ങള്‍ കണ്ടെത്തി ദേശീയപാത എന്‍ജിനീയറിങ് വിഭാഗങ്ങളെ അറിയിക്കുക തുടങ്ങിയ ചുമതലകളും ഇന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങള്‍ക്കുണ്ടാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page