അനുകരിക്കുന്നത് യുവതികള്‍ മുതല്‍ അമ്മമാര്‍വരെയുള്ളവരുടെ ശബ്ദം, വിവാഹ ദല്ലാളായെത്തി മിമിക്രിയിലൂടെ യുവാക്കളില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍; ആള്‍മാറാട്ടം നടത്തിയ 57 കാരി അറസ്റ്റില്‍

വിവാഹ ദല്ലാളായെത്തി ആള്‍മാറാട്ടം നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ലോട്ടറി വില്‍പനക്കാരി അറസ്റ്റില്‍. മാറാടി പള്ളിക്കാവ് പടിഞ്ഞാറയില്‍ വീട്ടില്‍ ഷൈല (57) ആണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്. വിവാഹം ആലോചിക്കുന്ന യുവാക്കളുമായി പെണ്‍കുട്ടിയെന്ന മട്ടില്‍ സംസാരിച്ച് ബന്ധം സ്ഥാപിച്ച ശേഷം പണം തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്. കൂത്താട്ടുകുളം സൗത്ത് ചോരക്കുഴി ഭാഗത്തും പെരുവയിലുമുള്ള യുവാക്കളില്‍നിന്നായി 25 ലക്ഷത്തിലധികം രൂപ ഇവര്‍ തട്ടിയെടുത്തതായാണ് പൊലീസ് പറയുന്നത്. കൂത്താട്ടുകുളം, പുതുവേലി, ഇലഞ്ഞി ഭാഗങ്ങളില്‍ ലോട്ടറി വില്പന നടത്തിവരുന്നയാളാണ് ഷൈല. വീടുകളിലെത്തി വിവാഹപ്രായമായ യുവാക്കളുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് സുന്ദരികളായ യുവതികളുടെ ഫോട്ടോകള്‍ ഉയര്‍ന്ന ജോലിയുള്ളവരാണെന്നു പറഞ്ഞ് കൈമാറും. യുവതികളുടെയും മാതാപിതാക്കളുടെയുമെന്നു പറഞ്ഞ് തന്റെ തന്നെ ഫോണ്‍ നമ്പറുകള്‍ നല്‍കും. ഇവര്‍ക്ക് മൂന്ന് ഫോണും നിരവധി ഫോണ്‍ കണക്ഷനുകളുമുള്ളതായി പൊലീസ് പറഞ്ഞു. നന്നായി മിമിക്രി ചെയ്യും. ശബ്ദം മാറ്റി യുവതികളെന്ന മട്ടിലും അവരുടെ അമ്മയെന്ന മട്ടിലും സംസാരിക്കും. അടുപ്പം സ്ഥാപിച്ച ശേഷം അത്യാവശ്യത്തിനെന്നു പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കുകയാണ് ചെയ്തിരുന്നത്. അടുത്തിടെ ഒരു യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്തു.
പിന്നീട് ഈ യുവതിയെന്ന വ്യാജേന ശബ്ദം മാറ്റി ഫോണിലൂടെ യുവാവില്‍ നിന്ന് ആറ് ലക്ഷത്തോളം രൂപയാണ് ഷൈല തട്ടിയെടുത്തത്. തുടര്‍ന്ന് യുവാവ് പരാതി നല്‍കിയതോടെയാണ് ഷൈലയെ അറസ്റ്റ് ചെയ്തത്. ഫോണില്‍ അയച്ച് നല്‍കിയ ചിത്രം സോനയെന്നാ പെണ്‍കുട്ടിയുടേതാണെന്നും ഇന്‍ഫോ പാര്‍ക്കിലാണ് ജോലിയെന്നും യുവാവിനെ ഷൈല വിശ്വസിപ്പിച്ചു. ഇതിന് ശേഷം സോനയെന്ന പേരില്‍ യുവാവിനെ ഫോണ്‍ വിളിക്കാന്‍ ആരംഭിച്ചു. വിശ്വാസ്യത നേടിയതിന് പിന്നാലെ മാതാപിതാക്കളുടെ ചികിത്സയ്ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ സഹായമെന്ന നിലയ്ക്കാണ് പണം വാങ്ങിയത്.
ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ പി.ജെ.നോബിള്‍, എസ്.ഐ കെ.പി.സജീവന്‍, എ.എസ്.ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇ.കെ.മനോജ്, ഐസി മോള്‍, മഞ്ജുശ്രീ, ശ്രീജ മോള്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page