മുതിര്‍ന്ന സിപിഎം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: സിപിഎം സ്ഥാപക നേതാക്കളിലൊരാളായ എന്‍.ശങ്കരയ്യ (102)അന്തരിച്ചു. പനിബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോളോ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയാണ് അന്ത്യം. സി.പി.എം. ജനറല്‍ സെക്രട്ടറി, ഓള്‍ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സി.പി.എം. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി, എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1937ല്‍ മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്നാണ് ശങ്കരയ്യയ്യുടെ പോരാട്ടവീര്യത്തിന്റെ തുടക്കം. ഈ കാലഘട്ടത്തില്‍ ശങ്കരയ്യ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. 1941-ല്‍ മധുര അമേരിക്കന്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ആദ്യമായി അറസ്റ്റിലാകുന്നത്.
1922 ജൂലൈ 15ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. അഞ്ചാംക്ലാസുവരെ തൂത്തുക്കുടിയിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മധുര സെയിന്റ് സ്‌കൂളില്‍ ചേര്‍ന്നു. പതിനേഴാം വയസ്സില്‍ സിപിഐ അംഗമായി. 1962-ല്‍ ഇന്ത്യ ചൈന യുദ്ധസമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ശങ്കരയ്യയായിരുന്നു. 1964-ല്‍ സിപിഐ ജനറല്‍ സെക്രട്ടറി പിസി ജോഷി മധുരയില്‍ വന്നിരുന്നു. അന്ന് സമ്മേളനത്തില്‍ ഒരു ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചത് ശങ്കരയ്യയുടെ മിടുക്കായിരുന്നു. 1965-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ ശ്രമം നടന്നപ്പോള്‍ 17 മാസം ജയിലില്‍ കിടന്നു. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. 1967, 1977, 1980 തിരഞ്ഞെടുപ്പുകളില്‍ സിപിഎം അംഗമായി തമിഴ്‌നാട് നിയമസഭയിലെത്തി. തമിഴ്‌നാട് നിയമസഭയില്‍ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്താണെന്ന് ശങ്കരയ്യ പറയാറുണ്ട്. അന്ന് തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഭാര്യ: പരേതയായ നവമണി അമ്മാള്‍. സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്ന അവര്‍ 2016-ല്‍ അന്തരിച്ചു. 3 മക്കളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page